തൃശ്ശൂർ: കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതികൾ നാടിനു സമർപ്പിച്ചു

തൃശ്ശൂർ: കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ട് കുടിവെള്ള പദ്ധതികൾ യാഥാർത്ഥ്യമായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കണ്ടാണശ്ശേരി പഞ്ചായത്തിലെ കൂനംമൂച്ചി കലാ നഗർ കുടിവെള്ള പദ്ധതി, ചൊവ്വല്ലൂർ  സെറ്റിൽമെന്റ് കോളനി കുടിവെള്ള പദ്ധതി, എന്നിവയാണ്  നാടിന് സമർപ്പിച്ചത്. 5 ലക്ഷം രൂപ വീതമാണ് ബ്ലോക്ക് പഞ്ചായത്ത്  ഓരോ കുടിവെള്ള പദ്ധതിക്കും വിനിയോഗിച്ചത്. രണ്ട് വർഷം കൊണ്ടാണ് പദ്ധതികളുടെ നിർമ്മാണം പൂർത്തീകരിച്ചത്. 42 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാര മാർഗമാണ് കൂനംമൂച്ചി കലാ നഗർ കുടിവെള്ള പദ്ധതി. ചൊവ്വല്ലൂർ  സെറ്റിൽമെന്റ് കോളനിയിൽ എസ് സി വിഭാഗത്തിൽ ഉൾപ്പെട്ട 8 കുടുംബങ്ങളാണ് അധിവസിക്കുന്നത്. കാലങ്ങളായി വെള്ളത്തിന്  ക്ഷാമം നേരിട്ടിരുന്ന പ്രദേശം കൂടിയാണ് സെറ്റിൽമെന്റ് കോളനി. കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് നിർവ്വഹിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം