കോട്ടയം: മുട്ടക്കോഴി വിതരണം ചെയ്തു

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ജനറൽ, പട്ടികജാതി വിഭാഗക്കാർക്കുള്ള മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിന്റെ സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയാണ് മുട്ടക്കോഴി വിതരണം ചെയ്യുന്നത്.
മുട്ടയുടെ ഉൽപാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ 600 രൂപ നിരക്കിൽ ജനറൽ വിഭാഗത്തിലെ 855 ഗുണഭോക്താക്കൾക്കും 300 രൂപ നിരക്കിൽ പട്ടികജാതി വിഭാഗത്തിലെ 266 ഗുണഭോക്താക്കൾക്കുമാണ് മുട്ടക്കോഴി വിതരണം ചെയ്യുന്നത്. ജനറൽ വിഭാഗത്തിൽ 50 ശതമാനം പ്ലാൻ ഫണ്ടും 50 ശതമാനം ഗുണഭോക്തൃ വിഹിതവുമായി 10.26 ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിൽ 2.71 ലക്ഷം രൂപയുടെയും പദ്ധതിയാണ് നടപ്പാക്കുന്നത്. സർക്കാർ അംഗീകൃത ഫാമിൽ നിന്നെത്തിച്ച 45 ദിവസം പ്രായമായ ഗ്രാമപ്രിയ, ഗ്രാമ ലക്ഷ്മി ഇനത്തിൽ പെട്ട 10 കോഴികളെ വീതമാണ് വിതരണം ചെയ്തത്.

കരിപ്പാടം മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷതയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷിനി സിജു, പി.കെ. മഹിളാമണി, ശ്യാം കുമാർ, പഞ്ചായത്തംഗങ്ങളായ ബേബി പൂച്ചുകണ്ടത്തിൽ, ജെ. നിയാസ്, ആർ.നികിത കുമാർ, സുമ, വെറ്ററിനറി ഡോക്ടർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം