മുട്ടം: ഇല്ലാത്ത ജ്യൂസ് കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 75 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ടോട്ടൽ ഫോർ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥ്, കോഴിക്കോട് ഫറോക്ക് സ്വദേശി തട്ടാരത്തൊട്ടി നിബിൽ നാഥ് എന്നിവർക്കെതിരെയാണ് പരാതി . പത്തുമുട്ടം സ്വദേശികളായ പത്തു യുവാക്കളാണ് ചതിയിൽ പെട്ടത്. മുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർക്കെതിരെ വഞ്ചനക്കുറ്റത്തിനു കേസെടുത്തു. നിബിൽ നാഥ് മുട്ടം എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥിയാണ്
2020ൽ ആണ് സംഭവം. തമിഴ്നാട്ടിൽ നിബിൽ നാഥിന്റെ സഹോദരന് ജ്യൂസ് കമ്പനി ഉണ്ടെന്നും ഇതിൽ നിക്ഷേപിച്ചാൽ ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പണം വാങ്ങിയതായി മുട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. മറ്റൊരു ജ്യൂസ് സ്ഥാപനത്തിന്റെ പരസ്യം കാണിച്ച് വിശ്വാസം നേടുകയും വ്യാജ പാർട്നർഷിപ് കരാർ ഉൾപ്പെടെ ഉണ്ടാക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്.
കമ്പനിയുടെ ഉടമ എന്നു പരിചയപ്പെടുത്തി ശബരിനാഥ് മുട്ടം സ്വദേശിയെ വിളിച്ചതായും പറയുന്നു. ചിട്ടി പിടിച്ചും കടം വാങ്ങിയും സംഘടിപ്പിച്ച 75 ലക്ഷം രൂപഐസിഐസിഐ ബാങ്കിന്റെ കോഴിക്കോട് ഫറോക്ക് ശാഖയിലെ അക്കൗണ്ടിലേക്ക് അയച്ചതായും പരാതിയിലുണ്ട്. 6 മാസം ലാഭവിഹിതം ലഭിച്ചു. തുടർന്ന് മുടങ്ങി. യുവാക്കൾ നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ ഇങ്ങനെ സ്ഥാപനം ഇല്ലെന്നും കണ്ടെത്തുകയായിരുന്നു.