കോട്ടയം: പ്രശസ്ത സിനിമാ -സീരിയല്‍ താരം കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പുലര്‍ച്ചെ മൂന്നോടെ അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയാണ്. ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെയിലൂടെയാണ് സിനിമയിലെത്തിയത്. 1999 ലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നരേന്ദ്രപ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് അഭിനയിച്ചത്. ഇന്നലെ വരെയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും വേഷമിട്ടു. മലയാളം, തമിഴ് ഭാഷകളിലായി എഴുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.തട്ടത്തില്‍ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം എന്നിവ പ്രധാന ചിത്രങ്ങള്‍. തമിഴില്‍ രാജാ റാണി, നന്‍പനട തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം.
കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളര്‍ന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലും സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും സജീവമായിരുന്നു. പാട്ട്, ഡാന്‍സ്, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. പത്താം വയസ്സില്‍ എന്‍.എന്‍.പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അന്‍പത് വര്‍ഷമായി നാടകരംഗത്ത് സജീവമായിരുന്നു. 1989 മുതല്‍ എല്‍ഐസിയില്‍ ജീവനക്കാരനാണ്. അവസ്ഥാന്തരങ്ങള്‍ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയര്‍ റോളില്‍ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനില്‍ ആദ്യ അവസരം ലഭിക്കുന്നത്. പിന്നീട് നിരവധി കോമഡി റോളുകള്‍ ചെയ്ത് സിനിമയില്‍ സജീവമായി.അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയല്‍ക്കാരനുമായി പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.ആമേന്‍, വടക്കന്‍ സെല്‍ഫി, സെവന്‍ത്‌ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധേയമാണ്.ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.


