കോട്ടയം: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങളും വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് ലാപ്‌ടോപ്പുകളും വിതരണം ചെയ്തു.
2021-22 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് മുച്ചക്ര വാഹനങ്ങൾ വാങ്ങി നല്‍കിയത്. 97000 രൂപ വിലവരുന്ന എട്ട് വാഹനങ്ങൾ വിതരണം ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ മുച്ചക്ര വാഹനങ്ങളുടെ താക്കോല്‍ ഗുണഭോക്താക്കൾക്ക് കൈമാറി. ഭിന്നശേഷിക്കാരുടെ ജീവതനിലവാരം മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാർക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്, ബി.ഡി.ഒ സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.