കോട്ടയം കോതനെല്ലൂരിൽ ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു

കോട്ടയം: കോട്ടയം കോതനെല്ലൂരിൽ ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു. കേരള എക്സ്പ്രസ് കടന്ന് പോകുന്നതിനിടെയാണ് വൈദ്യുതി ലൈൻ പൊട്ടിവീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തി ഗതാഗതം പുനസ്ഥാപിച്ചു. വൈകുന്നേരം നാല് മണിയോടെ കോതനെല്ലൂർ ലെവൽ ക്രോസിന് സമീപത്ത് വെച്ചാണ് സംഭവം ഉണ്ടായത്.

തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പികൾ പൊട്ടി വീണത്. വലിയ ശബ്ദത്തോടെ വൈദ്യുതി കന്പികൾ പൊട്ടിവീണപ്പോൾ തന്നെ ട്രെയിൻ നിർത്തി. കൺട്രോൾ റൂമിൽ വിവരം അറിയിച്ചതോടെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. തലനാരിഴക്കാണ് വലിയൊരു അപകടം ഒഴിവായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. കൊച്ചിയിൽ നിന്നും ഡീസൽ എഞ്ചിൻ എത്തിച്ചാണ് ട്രെയിൻ മാറ്റിയത്. പൊട്ടിയ വൈദ്യുതി കമ്പികൾ മാറ്റി പുതിയ കമ്പികൾ സ്ഥാപിക്കുകയും ചെയ്തു. ഡബിൾ ലൈനായതിനാൽ ഗതാഗതം ഭാഗികമായിട്ടാണ് തടസ്സപ്പെട്ടത്. ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം