എം.എൽ.എമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു
കണ്ണൂർ: ആറളം ഫാമിലെയും സമീപത്തെയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാനകളുടെ ആക്രമണം സംബന്ധിച്ച പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി കോൺക്രീറ്റിലുള്ള ആന മതിൽ സ്ഥാപിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ പ്രദേശത്തെ എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. പദ്ധതിക്കായി സർക്കാർ അനുവദിച്ച 22 കോടി രൂപയുടെ പ്രവൃത്തി ഉടൻ ആരംഭിക്കണം. പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും നിർദേശം നൽകി. താൽക്കാലിക പരിഹാരമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തും. കൂടാതെ ഫാമിലെ അടിക്കാട് വെട്ടിത്തെളിക്കാനായി സമീപ ഗ്രാമപഞ്ചായത്തുകൾ, മഹാത്മ ഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതി, ആറളം ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡവലപ്‌മെനേറ് മിഷൻ (ടി ആർ ഡി എം), വനം വകുപ്പ് എന്നിവയുടെ സഹായത്തോടെയുള്ള പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ ആറളം ഫാം എം.ഡിക്ക് യോഗം നിർദേശം നൽകി. ആന മതിൽ സ്ഥാപിക്കുന്നത് വരെയുള്ള സംരക്ഷണത്തിനായി ഹാങ്ങിങ് ഫെൻസിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ഫെൻസിങ് സ്ഥാപിക്കാൻ യോഗം ആവശ്യപ്പെട്ടു. ആറളം ഫാമിലെ വന്യജീവി ശല്യം മൂലമുണ്ടായ കൃഷി നാശത്തിനുള്ള നഷ്ടപരിഹാരമായി 19 കോടിയോളം രൂപ വനം വകുപ്പ് നൽകാനുണ്ടെന്ന് ഫാം എംഡി അറിയിച്ചു. വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് ഓഫീസിനായി ഫാമിൽ കെട്ടിടം വിട്ടുനൽകാൻ തയ്യാറാണെന്നും എം.ഡി അറിയിച്ചു.
യോഗത്തിൽ എം.എൽ.എമാരായ കെ.കെ. ശൈലജ ടീച്ചർ, അഡ്വ. സണ്ണി ജോസഫ്, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, അസി. കളക്ടർ മുഹമ്മദ് ഷഫീഖ്, കണ്ണൂർ ഡി എഫ് ഒ പി. കാർത്തിക്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, കെ. വേലായുധൻ, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, ആറളം ഫാം എം.ഡി എസ്. ബിമൽഘോഷ്, പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എൻജിനീയർ കെ. ജിഷാകുമാരി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ, ടിആർഡിഎം സൈറ്റ് മാനേജർ പി പി ഗിരീഷ്, ആറളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. രാമചന്ദ്രൻ, ഐടിഡിപി പ്രൊജക്ട് മാനേജർ എസ് സന്തോഷ് കുമാർ, ആറളം ഫാം ട്രേഡ് യൂനിയൻ പ്രതിനിധികളായ കെ കെ ജനാർദനൻ (സിഐടിയു), കെ ടി ജോസ് (എഐടിയുസി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.