ജാതീയ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടിയാണെന്നും ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ

ദേവികുളം: തനിക്കെതിരായ കമ്മീഷൻ കണ്ടെത്തൽ ശരിയല്ലെന്നും ജാതീയ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ദേവികുളം മുൻ എം എൽ എ എസ്.രാജേന്ദ്രൻ. ജാതി നോക്കി സ്ഥാനാർഥിയെ വച്ചത് പാർട്ടി തന്നെയാണ്. പെട്ടിമുടി ദുരന്തസമയത്ത് മുഴുവൻ താൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോൾ എത്താതിരുന്നത് മനപ്പൂർവമല്ല. അന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വേണമെങ്കിൽ അപ്പീൽ കൊടുക്കാം.എന്നാൽ പാർട്ടി നടപടിക്കെതിരെ അപ്പീൽ കൊടുക്കുന്നില്ല. രേഖാമൂലം വിശദീകരണം തരണമെന്ന് എന്നോട് ആവശ്യപ്പെട്ടില്ല. വിശദീകരണം കമ്മീഷനിൽ കൊടുത്തിരുന്നു.

സി.പി.ഐയിലെക്കോ ബി.ജെ.പിയിലേക്കോ പോകുന്നില്ല. പാർട്ടിയിലേക്ക് ഒരു തിരിച്ച് വരവ് വിദൂരമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കാൻ ചിലർ കാലങ്ങളായി ശ്രമിച്ചിരുന്നെന്നുംതന്നെയും തന്നെ അനുകൂലിക്കുന്നവരെയും ഉപദ്രവിക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ശനിയാഴ്ച വാർത്ത സമ്മേളനം വിളിച്ചു പറയുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മിറ്റികൾക്ക് തുടർച്ചയായി പോയിരുന്നെങ്കിൽ ഇതുപോലെ നടപടിയുണ്ടാകില്ലായിരുന്നു. ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രന്റെ സസ്‌പെൻഷൻ കഴിഞ്ഞദിവസം സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള പാർട്ടി വിരുദ്ധ നടപടികളെ തുടർന്നാണ് സസ്‌പെൻഷനെന്നു സി.പി.എം വിശദീകരിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാർട്ടി സ്ഥാനാർത്ഥി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നു രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ടായിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം