നവ്‌ജ്യോത് സിങ് സിദ്ദു ഇന്ന് പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു ഇന്ന് പത്രിക സമര്‍പ്പിക്കും. രാവിലെ 11.15ന് പത്രിക സമര്‍പ്പിക്കുമെന്ന് സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചു. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് സിദ്ദു ജനവിധി തേടുന്നത്. അകാലിദള്‍ നേതാവ് ബിക്രം സിങ് മജീതിയ ആണ് ഇവിടെ സിദ്ദുവിന്റെ എതിരാളി.ഇതിനിടെ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെ ആരോപണങ്ങളുമായി സഹോദരി സുമന്‍ രംഗത്ത് വന്നു. പിതാവിന്റെ മരണശേഷം സിദ്ദു അമ്മയെ ഉപേക്ഷിച്ചുവെന്നും റെയില്‍വേ സ്റ്റേഷനില്‍ കിടന്ന് ആരോരുമില്ലാതെയാണ് അമ്മ മരിച്ചതെന്നും സുമന്‍ ആരോപിച്ചു.

ഫെബ്രുവരി 20നാണ് പഞ്ചാബിലെ വോട്ടെടുപ്പ്. ഫലം മാര്‍ച്ച് 10ന് പുറത്തുവരും. നിലവില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന പഞ്ചാബില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടക്കുകയാണ്. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയാണോ അതോ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവാകുമോ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നാണ് ഇനി അറിയാനുളളത്.

Share
അഭിപ്രായം എഴുതാം