കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭരണം എല്‍ഡിഎഫിന്‌

കോഴഞ്ചേരി : പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെയുളള അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിന്‌ വിജയം . പുറമറ്റം ഡിവിഷന്‍ അംഗം സിപിഎമ്മിലെ ശോശാമ്മ ജോസഫാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. ആറിനെതിരെ ഏഴ്‌ വോട്ടുകള്‍ക്കാണ്‌ യുഡിഎഫിലെ മുന്‍ പ്രസിഡന്റ് ജി ജി ജോണ്‍മാത്യുവിനെ തോല്‍പ്പിച്ചത്‌. വൈസ്‌ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിലെ ഉണ്ണിപ്ലാച്ചേരി യുഡിഎഫിലെ ലാലു തോമസിനെ 6 നെതിരെ 7 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഇതോടെ എല്‍ഡിഎഫ്‌ ഭരണത്തിലായി.

ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്‌ എസ്‌ സൂരജ്‌ വരണാധികാരിയായിരുന്നു. ശോശാമ്മ ജോസഫിനും ഉണ്ണിപ്ലാച്ചേരിക്കും ഭരണ സമിതി അംഗങ്ങള്‍ക്കും എല്‍ഡിഎഫ്‌ സ്വീകരണം നല്‍കി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യസ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ ,സിപിഎം കോഴഞ്ചേരി ഏരിയാ കമ്മറ്റി സെക്രട്ടറി ടിവി സ്‌റ്റാലിന്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജിമാത്യു ,ഡിവൈഎഫ്‌ ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി ഈശോ,സിപിഎം അയിരൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മോഹന്‍ദാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം