ഹാനോയ്: സെന്‍ ബുദ്ധസന്യാസിയും കവിയും സമാധാനപ്രവര്‍ത്തകനുമായ തിച് നാറ്റ് ഹാന്‍ (95) അന്തരിച്ചു.അദ്ദേഹം സ്ഥാപിച്ച ദി ഇന്റര്‍നാഷണല്‍ പ്ലം വില്ലേജ് കമ്യൂണിറ്റി ഓഫ് എന്‍ഗേജ്ഡ് ബുദ്ധിസം ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും പാശ്ചാത്യ രാജ്യങ്ങളില്‍ ബുദ്ധമതത്തിന് പ്രചാരണം നല്‍കാന്‍ തിച് നാറ്റ് ഹാനിനു കഴിഞ്ഞു.
1926 ഒക്ടോബര്‍ 11-ന് മധ്യവിയറ്റ്നാമിലാണു ജനനം. ഫ്രഞ്ച് കോളനിവാഴ്ചയ്ക്കെതിരേ പ്രവര്‍ത്തിച്ച അദ്ദേഹം ബുദ്ധമതപ്രചാരണത്തിനായി ഫ്രാന്‍സില്‍ പ്ലം വില്ലേജ് എന്നപേരില്‍ ബുദ്ധവിഹാരം സ്ഥാപിച്ചു. 1960കളില്‍ പ്രിന്‍സ്ടന്‍, കൊളംബിയ സര്‍വകലാശാലയില്‍ അധ്യാപകനായി. 1963-ലെ യു.എസ്-വിയറ്റ്നാം യുദ്ധകാലത്ത് സ്വദേശത്തേക്കു മടങ്ങിയ അദ്ദേഹം മറ്റു ബുദ്ധസന്യാസിമാര്‍ക്കൊപ്പം സമാധാനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. 2014-ല്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ടു. തുടര്‍ന്ന് തന്റെ രചനകളിലൂടെയാണ് അദ്ദേഹം ലോകത്തോടു സംവദിച്ചത്.