ഇടുക്കി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പൂര്‍ണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഇത്തവണ റിപബ്ലിക്ദിനാഘോഷം. രാവിലെ 9 ന് പൈനാവ് പൂര്‍ണിമ ക്ലബ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. എക്സ്സൈസ്, ലോക്കല്‍ പോലീസ്, വനിത പോലീസ്, ഫോറെസ്റ്റ് എന്നിവരുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. പോലീസിന്റെ ബാന്‍ഡ് ടീം പരേഡിന് താളമൊരുക്കും. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ പരേഡ് ആചാരപരമായിരിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ക്ഷണിക്കപ്പെട്ടവരുടെ പരമാവധി എണ്ണം 50 ആയിരിക്കും.
പരേഡിന് പരമാവധി സംഘങ്ങള്‍ 4 ആയിരിക്കും. സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍സിസി ജൂനിയര്‍ ഡിവിഷന്‍ എന്നിവയുടെ സംഘങ്ങളെ ഈ വര്‍ഷം അനുവദിക്കില്ല. സ്‌കൂള്‍ കുട്ടികളെ വേദിയില്‍ ദേശഭക്തി ഗാനം ആലപിക്കാന്‍ അനുവദിക്കില്ല. ഓണ്‍ലൈന്‍ ആലാപനത്തിന് അനുവദിക്കാം. കുട്ടികളെയും മുതിര്‍ന്ന പൗര•ാരെയും (പൊതുജനങ്ങളില്‍ നിന്ന്) ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ചടങ്ങിലുടനീളം കോവിഡ്-19 കണ്ടെയ്ന്‍മെന്റ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. എല്ലാ സംഘങ്ങളെയും ക്ഷണിക്കപ്പെട്ടവരെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കും. ആവശ്യത്തിന് ഹാന്‍ഡ് സാനിറ്റൈസറുകളും മാസ്‌കുകളും വേദിയില്‍ ലഭ്യമാക്കണം. ലഘുഭക്ഷണ വിതരണവും ഒഴിവാക്കേണ്ടതാണെന്നും പൊതുഭരണ വകുപ്പ് നിര്‍ദ്ദേശിച്ചു.