ബെല്‍ഗ്രേഡ്: ഓസ്ട്രേലിയയില്‍നിന്നു നാടു കടത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന് അടുത്ത പ്രതിസന്ധി.കോവിഡ് വാക്സിന്‍ എടുക്കാതെ ജേക്കോവിച്ചിനെ പ്രവേശിപ്പിക്കില്ലെന്നു ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കി. ഫ്രഞ്ച് പാര്‍ലമെന്റ് ഞായറാഴ്ച പാസാക്കിയ പുതിയ വാക്സിന്‍ നിയമ പ്രകാരം വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്ലാത്തവരെ റെസ്റ്റോറന്റുകള്‍, കഫേകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കില്ല. ദീര്‍ഘദൂര ട്രെയിനുകളില്‍ കയറുന്നതിനും ഈ നിയമം ബാധകമാണ്.
ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍സ്ലാമില്‍ കളിക്കാനെത്തുന്ന താരങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്നു ഫ്രഞ്ച് കായിക മന്ത്രി റോക്സാന മാറാസിനു വ്യക്തമാക്കി. മേയ് അവസാനവും ജൂണ്‍ ആദ്യവാരവുമായാണു റൊളാങ് ഗാരോസില്‍ മത്സരം നടക്കുക. ജോക്കോയ്ക്ക് ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനായേക്കുമെന്നു ദിവസങ്ങള്‍ക്കു മുമ്പ് മാറാസിനു പ്രസ്താവിച്ചിരുന്നു. പുതിയ നിയമം വന്നതോടെ മന്ത്രി നിലപാട് മാറ്റി. ആരും നിയമത്തിന് അതീതരല്ലെന്ന് അദ്ദേഹം പറഞ്ഞു.ഓസ്ട്രേലിയയില്‍നിന്നു മടങ്ങിയ ജോക്കോ ഇന്നലെ വൈകിട്ട് നാട്ടില്‍ തിരിച്ചെത്തി. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിസ റദ്ദാക്കിയതിനെതിരെ താരം നല്‍കിയ അപ്പീല്‍ ഫെഡറല്‍ കോര്‍ട്ട് ഓഫ് ഓസ്ട്രേലിയ കോടതി തള്ളിയിരുന്നു. എമിറേറ്റ്സിന്റെ വിമാനത്തില്‍ ദുബായില്‍ എത്തിയ ശേഷമാണു ബെല്‍ഗ്രേഡിലേക്കു പറന്നത്. ജോക്കോയ്ക്ക് ബെല്‍ഗ്രേഡില്‍ നായക പരിവേഷം ലഭിക്കുമെന്നാണു കരുതിയത്. സെര്‍ബിയന്‍ പതാകയുമായി കുറച്ച് ആരാധകര്‍ മാത്രമാണ് അദ്ദേഹത്തെ വരവേറ്റത്.