മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച് ഓസ്ട്രേലിയ വിട്ടു. സര്‍ക്കാര്‍ വിസ റദ്ദാക്കിയതിനെതിരെ ജോക്കോ നല്‍കിയ അപ്പീല്‍ ഫെഡറല്‍ കോര്‍ട്ട് ഓഫ് ഓസ്ട്രേലിയ കോടതി തള്ളിയതോടെയാണിത്.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കേയാണു ജോക്കോയുടെ മടക്കം. എമിറേറ്റ്സിന്റെ വിമാനത്തില്‍ ദുബായ് വഴിയാണു ജോക്കോ ബെല്‍ഗ്രേഡിലേക്കു പോകുന്നത്. കോടതി വിധി അംഗീകരിക്കുന്നതായി ജോക്കോ പിന്നീടു ട്വീറ്റ് ചെയ്തു. താരത്തിനു മൂന്ന് വര്‍ഷത്തേക്ക് വിസ വിലക്കേര്‍പ്പെടുത്തിയ നടപടിയും ചീഫ് ജസ്റ്റിസ് ജെയിംസ് ഓള്‍സോപ്, ജസ്റ്റിസ് ആന്റണി ബെസാങ്കോ, ജസ്റ്റിസ് ഡേവിഡ് ഓ കാഗലാന്‍ എന്നിവരടങ്ങിയ കോടതി അംഗീകരിച്ചു.ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിനായി ജോക്കോവിച്ച് മെല്‍ബണില്‍ വന്നിറങ്ങിയതോടെയാണു സംഭവങ്ങളുടെ തുടക്കം. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കോവിഡ്-19 വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ വിസ റദ്ദാക്കിയതോടെ ജോക്കോയെ വിമാനത്താവളത്തില്‍നിന്നു തന്നെ അഭയാര്‍ഥികള്‍ക്കുള്ള ഹോട്ടലിലേക്ക് മാറ്റി. ജോക്കോ അഭിഭാഷര്‍ മുഖേന അപ്പീല്‍ നല്‍കുകയും കോടതി തീരുമാനം റദ്ദാക്കി ഓസ്ട്രേലിയയില്‍ തുടരാന്‍ അനുമതി നല്‍കുകയും ചെയ്തു. പിന്നാലെ പൊതുജനാരോഗ്യത്തിനു ഭീഷണിയാണെന്നു കാണിച്ചു സര്‍ക്കാര്‍ വിസ വീണ്ടും റദ്ദാക്കുകയും മൂന്നു വര്‍ഷത്തേക്ക് ഓസ്ട്രേലിയയില്‍ കടക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്തു.സാധാരണ പൗരന്മാര്‍ക്കില്ലാത്ത ഇളവുകള്‍ ജോക്കോയ്ക്കു നല്‍കിയതു കനത്ത പ്രതിഷേധത്തിനിടയാക്കി. താരത്തിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രി അലക്സ് ഹാവ്കിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണു റദ്ദാക്കിയത്. ജോക്കോയ്ക്ക് വിസ നല്‍കിയാല്‍ അത് വാക്സിനേഷനെതിരെയുള്ള പ്രചാരണത്തിനു കാരണമാകുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.കോവിഡ് വാക്സിന്‍ എടുക്കാതെയാണ് ജോക്കോ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനാകില്ലെന്ന കടുംപിടുത്തവും ജോക്കോയ്ക്കു തിരിച്ചടിയായി. ഡിസംബര്‍ 16 നു കോവിഡ് ബാധിച്ചെന്ന താരത്തിന്റെ വെളിപ്പെടുത്തലും വിവാദമായി. ജോക്കോ കളിക്കില്ലെന്നു വ്യക്തമായതോടെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടക സമിതി പുതിയ മത്സര ക്രമം പുറത്തിറക്കി. ജോക്കോ ആദ്യ റൗണ്ടില്‍ നേരിടേണ്ടിയിരുന്നത് ഇറ്റലിയുടെ സാല്‍വത്തോറെ കാറുസോയെയാണ്. സെര്‍ബിയയുടെ തന്നെ മിയോമിര്‍ കെസമാനോവിച്ചാണു ജോക്കോയ്ക്കു പകരം കളിക്കുക. ജോക്കോവിച്ച് ലോക റെക്കോഡ് കുറിക്കുമെന്നായിരുന്നു ടെന്നീസ് ലോകം പ്രതീക്ഷിച്ചത്.
സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, സ്പെയിനിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം 20 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി റെക്കോഡ് പങ്കിടുകയാണ് ജോക്കോ.ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരവും ജോക്കോയാണ്. ഇത്തണവ ജയിച്ചിരുന്നെങ്കില്‍ പത്താം കിരീടമാകുമായിരുന്നു. റഷ്യയുടെ രണ്ടാം സീഡ് ഡാനില്‍ മെദ്വദേവിനാണ് ഇനി കിരീട സാധ്യത.