കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി.ഐ.പിയെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ഇയാളുടെ ഫോട്ടോ ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായി ആണ് ഇയാൾ.
ദൃശ്യങ്ങൾ നൽകിയതിന്റെ തൊട്ടടുത്ത ദിവസം ഇയാൾ വിമാന യാത്ര നടത്തിയതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.
ഇരുപതാം തിയതി ആണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഹരജിയിൽ ദിലീപ് വ്യക്തമാക്കി. അതേസമയം ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിക്കുക