ന്യൂയോര്‍ക്ക്: ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് പുതുവര്‍ഷത്തിലും ജീവനക്കാര്‍ക്കു വീടുകളിലിരുന്നു ജോലിചെയ്യാന്‍ സൗകര്യമൊരുക്കി അമേരിക്കന്‍ കമ്പനികള്‍. തിങ്കളാഴ്ച മാത്രം ഇവിടെ കോവിഡ് സ്ഥിരീകരിച്ചത് 10 ലക്ഷത്തിലേറെപ്പേര്‍ക്ക്. രണ്ടുവര്‍ഷം മുമ്പ് മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം, ഏതെങ്കിലുമൊരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവുമുയര്‍ന്ന കോവിഡ് നിരക്കാണിത്. നാലുദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 5,90,000 കേസുകളുടെ സ്വന്തം റെക്കോഡ്തന്നെയാണ് അമേരിക്ക ഭേദിച്ചത്. അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്ന സാഹചര്യമാണ്. സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നു. വിതരണശൃംഖലയേയും കോവിഡ് വ്യാപനം ബാധിച്ചിട്ടുണ്ട്. നിലവില്‍ കോവിഡ് കേസുകള്‍ ഗുരുതരമോ മരണകാരണമോ ആകുന്നില്ലാത്തതിനാല്‍ വീടുകളില്‍ത്തന്നെ സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണു രോഗികള്‍. ലക്ഷണമില്ലാതെ കോവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കവിലക്ക് അഞ്ചുദിവസമായി യു.എസ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെട്ടിച്ചുരുക്കി. എന്നാല്‍, പുറത്തിറങ്ങുന്നതിനു മുമ്പ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പിക്കണം.