ന്യൂഡല്‍ഹി: മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാനപരിധി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച വാദത്തിനെടുക്കും. കേസ് വേഗം പരിഗണിക്കണമെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ ബെഞ്ചില്‍ ചൊവ്വാഴ്ച അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണു തീരുമാനം. മൂന്നംഗ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. അഖിലേന്ത്യാ മെഡിക്കല്‍ ക്വാട്ട പ്രവേശനത്തിലെ മുന്നോക്ക സംവരണ മാനദണ്ഡം സംബന്ധിച്ച കേസുകളാണു കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തേ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിച്ചത്. ഈയാഴ്ച മൂന്നംഗ ബെഞ്ചുകള്‍ നിശ്ചയിച്ചിട്ടില്ലെങ്കിലും നീറ്റ്-പി.ജി. കൗണ്‍സലിങ് തടസപ്പെട്ടിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതു കണക്കിലെടുത്താണ് ബുധനാഴ്ച പ്രത്യേകമായി മൂന്നംഗ ബെഞ്ച് ചേരാന്‍ ചീഫ് ജസ്റ്റിസ് നടപടിയെടുത്തത്. നീറ്റ് ഓള്‍ ഇന്ത്യാ ക്വാട്ടയില്‍ ഒ.ബി.സി, സാമ്പത്തിക പിന്നാക്ക സംവരണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിക്കു മുന്നിലാണ്. വരുമാനപരിധി എട്ടു ലക്ഷമായി നിശ്ചയിച്ചതില്‍ കോടതി നേരത്തേ വിശദീകരണം ചോദിച്ചിരുന്നു. ക്രീമി ലെയറിനു നിലവിലുള്ള വരുമാനപരിധി തുടരാന്‍ ഇക്കാര്യം പഠിക്കാനായി നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. ഒ.ബി.സി. ക്രീമിലെയര്‍ കണക്കാക്കുന്നത് തുടര്‍ച്ചയായ മൂന്നു വര്‍ഷത്തെ വാര്‍ഷിക വരുമാനം കണക്കിലെടുത്താണ്. എന്നാല്‍, മുന്നോക്ക സംവരണത്തിന്റെ കാര്യത്തില്‍, അപേക്ഷ നല്‍കുന്നതിന്റെ തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ വരുമാനം കണക്കിലെടുക്കാനാണു കേന്ദ്ര തീരുമാനം.
മുന്നോക്ക സംവരണത്തിനുള്ള വരുമാനപരിധി:ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച വാദത്തിനെടുക്കും
