അന്റാര്‍ട്ടിക്കയിലും എത്തി കോവിഡ്

ബ്രസല്‍സ്: ഒടുവില്‍ അന്റാര്‍ട്ടിക്കയിലും കോവിഡെത്തി. ബെല്‍ജിയത്തിന്റെ അന്റാര്‍ട്ടിക്കയിലെ പ്രിന്‍സസ് എലിസബേത്ത് പോളാര്‍ സ്റ്റേഷനിലെ ഗവേഷകര്‍ക്കിടയിലാണു കോവിഡ് പടര്‍ന്നത്. ആകെ 25 പേരാണ് ഇവിടുള്ളത്. ഇവരില്‍ 16 പേരെയും കോവിഡ് ബാധിച്ചു. രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവരെയാണു പോളാര്‍ സ്റ്റേഷനിലേക്ക് അയച്ചിരുന്നതെന്നു പ്രൊജക്ട് മാനേജര്‍ ജോസഫ് ചീക്ക് അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയയ്ക്കാമെന്ന് അധികാരികള്‍ വാഗ്ദാനം ചെയ്തെങ്കിലും ഗവേഷകര്‍ നിരസിച്ചു. ഡിസംബര്‍ 14 നു സ്റ്റേഷനിലെത്തിയ വ്യക്തിയില്‍നിന്നാണു കോവിഡ് പടര്‍ന്നതെന്നാണു റിപ്പോര്‍ട്ട്. ഏഴു ദിവസത്തിനുശേഷമാണ് അദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചത്. പോളാര്‍ സ്റ്റേഷനിലേക്കുള്ള യാത്ര തല്‍ക്കാലം തടഞ്ഞിരിക്കുകയാണ്. 2009 ല്‍ ഇന്റര്‍നാഷണല്‍ പോളാര്‍ ഫൗണ്ടേഷന്റെ സഹായത്തോടെയാണു ഗവേഷണകേന്ദ്രം തുടങ്ങിയത്.

Share
അഭിപ്രായം എഴുതാം