പുതുവർഷത്തിൽ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുവർഷപുലരിയിൽ തുടക്കമായി. ഫാക്ടറിയിലെ ആകെയുളള ആറു പ്ലാന്റുകളിലെ പേപ്പർ മെഷീൻ, പൾപ്പ് റീസൈക്ലിംഗ്, പവർ ബോയിലർ – ടർബൈൻ ജനറേറ്റർ എന്നീ മൂന്നു പ്ലാന്റുകളിലെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളുമാണ് ആരംഭിച്ചത്. 105 തൊഴിലാളികളാണ് ശനിയാഴ്ച ജോലിയിൽ പ്രവേശിച്ചത്. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നടത്തിപ്പും ചുമതലയും വ്യവസായവകുപ്പ് സെക്രട്ടറിയും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായുമായ എ.പി.എം. മുഹമ്മദ് ഹനീഷും കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസും സ്പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണനും അടങ്ങുന്ന മൂന്നംഗ ബോർഡിനാണ്.

നാലു ഘട്ടങ്ങൾക്കുശേഷം 2700 കോടി വിറ്റുവരവിൽ വർഷം അഞ്ചു ലക്ഷം മെട്രിക് ടൺ പേപ്പർ ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് വിഭാഗങ്ങളിലെ നവീകരണത്തിനായി 34.3 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് അഞ്ചുമാസത്തിനുള്ളിൽ പൂർത്തീകരിച്ച് ഇറക്കുമതി ചെയ്ത പൾപ്പും പ്ലാന്റിൽ തന്നെ റീസൈക്കിൾ ചെയ്ത പൾപ്പുമുപയോഗിച്ച് വ്യാവസായിക ഉൽപാദനം ആരംഭിക്കും. മാർച്ചോടെ രണ്ടാംഘട്ടം ആരംഭിക്കും. മെക്കാനിക്കൽ, കെമിക്കൽ പൾപ്പുകളുടെ ഉൽപ്പാദനം ത്വരിതപ്പെടുത്തി മറ്റു പ്ലാന്റുകളുടെ പ്രവർത്തനവും ഊർജ്ജിതമാക്കും. പത്രപേപ്പറുകളും നോട്ടുബുക്ക്, ടെക്സ്റ്റ് ബുക്കുകൾക്കാവശ്യമായ പേപ്പറുകളുമാണ് പ്രാഥമികമായി ഉൽപ്പാദിപ്പിക്കുക. മൂന്നാംഘട്ടത്തിൽ വൈവിധ്യവൽക്കരണം നടപ്പാക്കുകയും ഉൽപാദനം വർധിപ്പിക്കുകയും ചെയ്യും. പെർഫ്യൂമുകളുടെ ബോട്ടിലുകൾക്കും കേക്ക് കവറിംഗിനും ഉപയോഗിക്കുന്ന പ്രീമിയം ഗ്രേഡ് പേപ്പർ ബോർഡുകളുടെ ഉൽപാദനമടക്കം ആരംഭിക്കും. 27 മാസംകൊണ്ട് അവസാനിക്കുന്ന മൂന്നാംഘട്ടപ്രവർത്തനങ്ങൾക്ക് 650 കോടി രൂപയാണ് മുടക്കുമുതൽ പ്രതീക്ഷിക്കുന്നത്. 17 മാസം കാലയളവുള്ള നാലാംഘട്ടത്തിൽ 350 കോടി രൂപയാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്. പ്ലാന്റിലെ ഉൽപ്പാദനത്തോത് കൂട്ടുന്നതിനും ഉൽപ്പന്ന വൈവിദ്ധ്യവത്കരണത്തിന്റേയും ഭാഗമായി നിലവിലുള്ള യന്ത്രങ്ങൾ നവീകരിച്ച് കാർട്ടൺ ബോക്സിനും പാക്കിംഗിനും ഉപയോഗിക്കുന്ന കട്ടികൂടിയ ബ്രൗൺ ക്രാഫ്റ്റ് പേപ്പറുകൾ നിർമ്മിച്ചു തുടങ്ങും. നാലാംഘട്ടത്തോടെ പൂർണതോതിലുള്ള ഉൽപാദനം കൈവരിക്കും.

ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ സമർപ്പിച്ച റസല്യൂഷൻ പ്ളാൻ പ്രകാരം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145.60 കോടി രൂപയുടെ ബാധ്യത തീർത്താണ് കേന്ദ്രസർക്കാരിൽ നിന്ന് കേരളം എച്ച്.എൻ.എൽ ഏറ്റെടുത്തത്.

Share
അഭിപ്രായം എഴുതാം