*ശിവഗിരിയിൽ ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു.
നമ്മുടെ പാരമ്പര്യത്തെ മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും സാധിച്ചാൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും ലോകത്തിനുതന്നെ വഴികാട്ടാനും സാധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശിവഗിരിയിൽ ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരാതനകാലം മുതൽ ഋഷിവര്യന്മാരും പൂർവികരും സ്വയം ആരെന്ന് തിരിച്ചറിയേണ്ടതിനെക്കുറിച്ച് നമുക്ക് പറഞ്ഞുതന്നിരുന്നു. അവയൊക്കെ നാം മറന്നു. ശ്രീനാരായണഗുരുവും വിവേകാനന്ദ സ്വാമിയും നമ്മുടെ ഈ തലമുറയിലെ സന്യാസികളും ഒക്കെ നമ്മുടെ പാരമ്പര്യത്തെ കുറിച്ചാണ് പറഞ്ഞുതരുന്നത്. ഇതെല്ലാം മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും സാധിച്ചാൽ ഇന്ന് നാം അനുഭവിക്കുന്ന മതത്തിന്റെയും ആചാരത്തിന്റെയുമൊക്കെ സമ്മർദ്ദം ഇല്ലാതാക്കി സ്വതന്ത്രമായ ഒരു ലോകത്തിലേക്കുള്ള വഴി രൂപപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതത്തിൽ പെട്ട വിദ്യാർഥികളെയും അവരുടെ മതം കണക്കിലെടുക്കാതെ പഠിപ്പിക്കാൻ ഒരു ഇടമെന്ന ശ്രീനാരായണ ഗുരുവിന്റെ സ്വപ്നമായിരുന്നു ബ്രഹ്മവിദ്യാലയം. ആലുവയിലെ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരു സംഘടിപ്പിച്ച ഏഷ്യയിലെ രണ്ടാമത്തെ സർവ്വമത സമ്മേളനത്തിൽ ഗുരു മുന്നോട്ടുവച്ച ആശയമാണ് ബ്രഹ്മവിദ്യാലയം. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമുള്ള ഒരു വേദിയായാണ് ഗുരു ബ്രഹ്മ വിദ്യാലയത്തെ കണ്ടത്. എല്ലാ മതങ്ങളുടെയും വേദങ്ങൾ പഠിക്കാനുള്ള സൗകര്യം ഇവിടെ ഉറപ്പുവരുത്തണമെന്നും ഗുരു നിർദ്ദേശിച്ചിരുന്നു. വിവിധ ആചാരങ്ങൾ മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ഭഗവത് ഗീത, ബൈബിൾ, ഖുർആൻ എന്നിവയുടെ തത്വങ്ങൾ ദിവസവും ഈ ബ്രഹ്മവിദ്യാലയ ത്തിൽ ചർച്ച ചെയ്യുന്നു. ലൗകികമായ ജീവിതം വെടിഞ്ഞു സംന്യാസം സ്വീകരിക്കുന്ന യുവാക്കളെ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ അയക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ ആശയമെന്നും അദ്ദേഹം പറഞ്ഞു. എച്ച് എച്ച് സ്വാമി പരമാനന്ദഗിരി അധ്യക്ഷത വഹിച്ചു. ശ്രീലശ്രീ തിരു ചിറ്റമ്പല ദേശിക ജ്ഞാന പ്രകാശ പരമാചര്യ സ്വാമികൾ, ഗുരു മുനി നാരായണ പ്രസാദ്, ശ്രീമദ് സ്വാമി നന്ദാത്മജാനന്ദ, വിശാലാനന്ദ സ്വാമികൾ, സൂക്ഷ്മാനന്ദ സ്വാമികൾ, സത്യാനന്ദതീർത്ഥ സ്വാമികൾ തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു.