കോട്ടയം: കെ-ഡിസ്‌കും കേരള നോളജ് എക്കണോമി മിഷനും ചേർന്ന് നടത്തുന്ന തൊഴിൽമേള ജനുവരി ഏഴിന് ഏറ്റുമാനൂർ മംഗളം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും. അഞ്ചു വർഷത്തിൽ 20 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് മേള നടത്തുന്നത്. മേളയിലൂടെ 10000 പേർക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജില്ലാതലത്തിൽ നടക്കുന്ന തൊഴിൽമേളയ്ക്കുശേഷം 2022 ജനുവരി അവസാനം ഓൺലൈനായും മേള സംഘടിപ്പിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ തൊഴിലന്വേഷകർക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് അവസരമുണ്ടാകും.
തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്‌കിൽ എന്നിവ സംബന്ധിച്ച് സൗജന്യ പരിശീലനവും കെ-ഡിസ്‌ക്കും കുടുംബശ്രീ സ്‌കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്. തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ഫോൺ: 9074989772, 9947872616.