സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ രാജിവെച്ചു ; യുവനടിയെ ആക്രമിച്ച കേസ് ജനുവരി നാലിലേക്ക് മാറ്റി

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ വി.എൻ അനിൽകുമാർ രാജിവച്ചു. അതിനെത്തുടർന്ന് വിചാരണ നടപടികൾ 2022 ജനുവരി നാലിലേക്ക് മാറ്റി. 2021 ജിസംബർ 30ന് രാവിലെ എറണാകുളം സ്‌പെഷ്യൽ അഡിഷണൽ സെഷൻസ് കോടതി കേസ് എടുത്തപ്പോൾ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ രാജിവച്ചതിനാൽ പകരം സംവിധാനമൊരുക്കാൻ സമയം വേണമെന്ന് അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജഡ്‌ജി ഹണി എം.വർ​ഗീസ് കേസ് മാറ്റിയത്.

വിസ്തരിക്കേണ്ട സാക്ഷി ഹാജരായില്ലെന്നും വിസ്താരം മാറ്റിവയ്ക്കണമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം ഇക്കാര്യം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ ചൊടിപ്പിച്ചു.. തുടർന്ന് കോടതിയിൽ നിന്ന് ഇറങ്ങിപ്പോയ അദ്ദേഹം രാജിക്കത്ത് നൽകുകയായിരുന്നു

ചലച്ചിത്ര സംവിധായകൻ പി.ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം നടത്തിയ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വിചാരണ നിറുത്തിവച്ച് തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് പ്രോസിക്യൂഷനും പൊലീസും കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അടുത്ത ദിവസങ്ങളിൽ കോടതി ഇതു പരിഗണിച്ചേക്കും. എട്ടാം പ്രതിയായ നടൻ ദിലീപ് ജാമ്യത്തിലിറങ്ങിയശേഷം അശ്ളീല ദൃശ്യങ്ങൾ കണ്ടെന്നും സാക്ഷികളെ സ്വാധീനിച്ചെന്നുമുള്ള വെളിപ്പെടുത്തൽ നിർണായകമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.

കഴിഞ്ഞ ദിവസങ്ങളിൽ പ്രോസിക്യൂഷന്‍റെ ചില ആവശ്യങ്ങൾ കോടതി നിരസിച്ചിരുന്നു.ഇതിനെതിരെ നൽകിയ രണ്ടു ഹർജികൾ ഹൈക്കോടതി 2022 ജനുവരി ആറിന് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം