വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് വിഡി സതീശൻ

തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചാൻസലർ പദവിയിൽ തുടരില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർക്ക് ഇത് പറയാൻ അധികാരം ഇല്ല, കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവർണർ, കേരള നിയമസഭയാണ് ഗവർണറെ ചാൻസ്‌ലറാക്കി നിയമിച്ചത്, വിഡി സതീശൻ വ്യക്തമാക്കി.

കേരള നിയമസഭയാണ് ഗവർണറെ ചാൻസ്‌ലറാക്കി നിയമിച്ചത്, അത് മറികടക്കാൻ ഗവർണർക്ക് എങ്ങനെ കഴിയുമെന്ന് വിഡി സതീശൻ ചോദിച്ചു.

വൈസ് ചാൻസിലർ നിയമനത്തിൽ നിയമപരമായ നടപടികൾ ഗവർണർ പൂർത്തിയാക്കണം, തെറ്റായ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്, ചാൻസ്‌ലറുടെ പദവി സർക്കാർ മാനിക്കുന്നില്ല എന്നത് സത്യമാണ്, നിയമവിരുദ്ധമായ കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കിൽ ചാൻസ്‌ലറുടെ അധികാരം ഉപയോഗിച്ച് അതിനെ എതിർക്കുകയാണ് വേണ്ടത്, പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഗവർണറുടെ നടപടിയിൽ വെട്ടിലായിരിക്കുകയാണ് സർക്കാർ. സർവകലാശാല ഫയലുകൾ കൈകാര്യം ചെയ്യരുതെന്ന് ഗവർണർ തന്റെ ഓഫീസിന് നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇതോടെ സർവകലാശാലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ബാധിക്കാനുള്ള ആശങ്കയും ഉയർന്ന് തുടങ്ങി. വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് അടുത്ത മാസം 12ന് കോടതി പരിഗണിക്കുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമ്പോൾ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുമ്പോഴും അതെന്ന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. ഗവർണറുടെ ഇടപെടുലകളിൽ രാഷ്ട്രീയമുണ്ടെന്ന വിമർശനം സിപിഎമ്മിനുണ്ടെങ്കിലും ചാൻസലർ പദവിയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ആലോചിച്ചിട്ട് പോലുമില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.

Share
അഭിപ്രായം എഴുതാം