പേട്ട: തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 29/12/21 ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ടതോടെ ലാലന്‍ ആയുധവുമായി വീട് പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയെങ്കിലും തുറക്കാഞ്ഞതോടെ വാതിൽ തല്ലി തകർത്ത് അകത്ത് കയറുകയായിരുന്നു.
മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ലാലന്‍ തന്നെ സംഭവം അറിയിച്ചു. യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണമെന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനീഷ് ജോര്‍ജ്.