ഡെറാഡൂണ്‍: ദല്‍ഹി സര്‍ക്കാര്‍ ജോലി നല്‍കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ നിന്നും വരാന്‍ തയ്യാറാണെന്ന് ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട് ദളിത് പാചകത്തൊഴിലാളിയായ സുനിത ദേവി. ദളിത് സമുദായാംഗമാണെന്നത് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡിലെ സുഖിദാങ്ങിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇവര്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഇവരെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയിരുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. സുനിതക്ക് ജോലി നല്‍കാന്‍ തയാറാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതം അറിയിച്ചത്.
‘ഈ സംഭവത്തിന് ശേഷം ജോലി നല്‍കാമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ല. പക്ഷേ അങ്ങനെ സ്ഥിരമായുള്ള സര്‍ക്കാര്‍ ജോലി ലഭിക്കുകയാണെങ്കില്‍ ഞാനീ ഉത്തരാഖണ്ഡില്‍ നിന്നു തന്നെ പോകും. പാചകത്തൊഴില്‍ കൊണ്ട് എന്റെ കുട്ടികളെ പഠിപ്പിക്കാനാവില്ല,’ ഒരു ദേശീയ മാധ്യമത്തോട് സുനിത പറഞ്ഞു.
സുനിത ദേവിയെ പുറത്താക്കിയതിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കവേയാണ് സുനിത ദേവിക്ക് രാജേന്ദ്ര പാല്‍ ഗൗതം ജോലി വാഗ്ദാനം നല്‍കിയത്. ‘ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങ് ദാമി സംഭവത്തില്‍ നടപടി സ്വീകരിച്ച് സുനിതക്ക് നീതി ഉറപ്പാക്കേണ്ടതാണ്. മാത്രവുമല്ല ഇങ്ങനെയൊരു സംഭവത്തില്‍ അവരോട് മാപ്പ് പറയാനും മുഖ്യമന്ത്രി തയാറാവേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.