മൊഗദിഷു: സൊമാലിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈന്‍ റോബിളിനെ പ്രസിഡണ്ട് മുഹമ്മദ് ഫര്‍മാജോ സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂര്‍ത്തിയാകും വരെ സസ്പെന്‍ഷന്‍ തുടരുമെന്നാണ് വിവരം. അഴിമതിയും, പൊതുഭൂമിയുടെ ദുരുപയോഗവും സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും, അദ്ദേഹത്തിന്റെ അധികാരം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് നേരത്തെയും പ്രധാനമന്ത്രിക്ക് എതിരെ പ്രസിഡന്റിന്റെ ഓഫിസ് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്. ഉപപ്രധാനമന്ത്രി മഹദി മുഹമ്മദിനാണ് പകരം ചുമതല. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ ഏറെക്കാലമായുള്ള തര്‍ക്കം കാരണം രാജ്യത്ത് ഭരണ പ്രതിസന്ധി നിലനില്‍ക്കുകയാണ്. അതേസമയം, പ്രസിഡന്റിന്റെ നടപടി അതിര് കടന്നതാണെന്നും റോബിള്‍ തല്‍സ്ഥാനത്ത് തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.പരോക്ഷമായ അട്ടിമറി നടത്താന്‍ പ്രസിഡന്റ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. തിങ്കളാഴ്ച റോബിള്‍ തന്റെ ഓഫിസിലേക്ക് കടക്കുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.