യുവാവിനെയും 85 കാരിയായ മാതാവിനെയും പോലീസ്‌ മര്‍ദ്ദിച്ചതായി പരാതി.

ചാവക്കാട്‌ : എടക്കഴിയൂരില്‍ യുവാവിനെയും വയോധികയായ മാതാവിനെയും പോലീസ്‌ മര്‍ദ്ദിച്ചതായി പരാതി. എടക്കഴിയൂര്‍ ഖദിനിയ പളളിക്കുസമീപം അയ്യത്തറയില്‍ വീട്ടില്‍ അബ്ദുളള ഹാജിയുടെ ഭാര്യ ഖദീജ(85), മകന്‍ നൗഫര്‍ (42)എന്നിവരാണ്‌ പോലീസ്‌ മര്‍ദ്ദനത്തിന്റെ പേരില്‍ ചാവക്കാട്‌ ആശുപത്രിയില്‍ ചികിത്സ തേടിയത്‌.

നൗഫറിന്റെ ജ്യേഷ്ടന്‍ നാസറിനെതിരെ ചാവക്കാട്‌ പോലീസില്‍ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ടാണ്‌ പോലീസ്‌ വീട്ടിലെത്തിയത്‌. ടുവീലര്‍ വര്‍ക്കഷോപ്പ്‌ നടത്തുന്ന നാസറിനെതിരെ വാഹനം റിപ്പയറിംഗിന്‌ നല്‍കിയ വ്ളാങ്ങാട് സ്വദേശിയുടെ പരാതിയിലാണ്‌ പോലീസ്‌ നടപടി. അന്വേഷണവുമായി ബന്ധപ്പെട്ട്‌ നൗഫറിനെ പോലീസ്‌ വിളിച്ചിരുന്നു. നാസര്‍ കണ്ണൂരിലെ വലാഭാര്യ വീട്ടിലാണെന്നും വല്ലപ്പോഴും മാതത്രമേ വട്ടില്‍ വരാറുളളുവെന്നും നൗഫര്‍ പോലീസിനെ അറിയിച്ചു.

2021 ഡിസംബര്‍ 26 ഞായറാഴ്‌ച പോലീസ്‌ വീണ്ടും വിളിക്കകുകയും നൗഫറിനോട്‌ സ്‌റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഡ്രൈവറായി ജോലിചെയ്യുന്ന നൗഫര്‍ തനിക്ക്‌ മത്സ്യ തൊഴിലാളികളെ ഹാര്‍ബറില്‍ കൊണ്ടുവിടേണ്ടതുണ്ടെന്നും ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നും അറിയിച്ചു. എങ്കില്‍ നിന്നെ വീട്ടില്‍ വന്ന്‌ കണ്ടുകൊളളാമെന്ന്‌ ഭീഷണി മുഴക്കിയാണ്‌ പോലീസ്‌ ഫോണ്‍ വച്ചതെന്ന്‌ നൗഫര്‍ പറഞ്ഞു.

തുടര്‍ന്ന്‌ തിങ്കളാഴ്‌ച രാവിലെ 10 മണിയോടെ ചാവക്കാട്‌ എസ്‌എച്ച്‌ ഒ കെ.എസ്‌ സെല്‍വരാജന്റെ നേതൃത്വത്തില്‍ പോലീസ്‌ പരാതിക്കാരനുമായി വീട്ടിലെത്തിയാണ്‌ നൗഫറിനെ മര്‍ദ്ദിച്ചത്‌. കഴുത്തില്‍ പിടിച്ച്‌ മര്‍ദ്ദിക്കുന്നതുകണ്ട്‌ തടയാന്‍ ശ്രമിച്ച വയോധികയായ മാതാവിനെയും പോലീസ്‌ മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നൗഫറിന്റെ ബന്ധുക്കളെ അസഭ്യം പറയുകയും ചെയ്‌തു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ റെക്കാര്‍ഡ്‌ ചെയ്‌ത മൊബൈല്‍ ഫോണുകള്‍ പോലീസ്‌ പിടിച്ചെടുക്കുകയും ചെയ്‌തെന്ന്‌ വീട്ടുകാര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം