ചാക്കില്‍ കെട്ടി കോടികള്‍ വീട്ടില്‍ സൂക്ഷിച്ചു: നികുതി വെട്ടിപ്പിന് പീയൂഷ് ജെയിന്‍ അറസ്റ്റില്‍

ലഖ്നൗ: എട്ടു ചാക്കുകളിലായി 177 കോടി രൂപ വീട്ടില്‍ സൂക്ഷിക്കുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്ത ഉത്തര്‍പ്രദേശിലെ സുഗന്ധദ്രവ്യ വ്യവസായി പീയൂഷ് ജെയിന്‍ അറസ്റ്റില്‍. അതിനിടെ, സുഗന്ധദ്രവ്യ വ്യവസായി പീയൂഷ് ജെയിനിന്റെ കനൗജിലെ കുടുംബവസതിയില്‍ നടത്തിയ പരിശോധനയിലാണു കൂടുതല്‍ പണം കണ്ടെടുത്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 33 മണിക്കൂറായി തുടരുന്ന റെയ്ഡില്‍ പത്തുകോടിയോളം രൂപയാണ് പുതുതായി കണ്ടെടുത്തതെന്നാണു വിവരം. കഴിഞ്ഞദിവസത്തെ കറന്‍സികള്‍ മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായി എണ്ണിത്തിട്ടപ്പെടുത്തിയെന്നും തുക 177 കോടി രൂപയെന്നും അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം.രണ്ടായിരം രൂപയുടെ കറന്‍സികള്‍ എട്ടു ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നതെന്നും സൂചനയുണ്ട്. ഇതിനുപുറമേ ഒരു ബാഗില്‍ സൂക്ഷിച്ചിരുന്ന 300 താക്കോലുകളും കണ്ടെടുത്തു. ഒരു വളപ്പില്‍ത്തന്നെ നാലു വീടുകള്‍ നിര്‍മിച്ചാണ് പണം സൂക്ഷിച്ചിരുന്നതത്രേ. ഇതിനു പുറമേ ഭൂമിക്കടിയില്‍ ഒരു രഹസ്യ അറയുള്ളതായും പറയപ്പെടുന്നു. ഇതു കണ്ടെത്തി തുറക്കാനുള്ള പ്രയത്നത്തിലാണ് അന്വേഷകസംഘം.ആദായനികുതി വകുപ്പ്, കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോര്‍ഡ്, ജി.എസ്.ടി. രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share
അഭിപ്രായം എഴുതാം