കോട്ടയം: വികസനപാതയിൽ മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം ഗ്രാമപ്രദേശങ്ങളിൽ ഇറച്ചി, മുട്ട ഉൽപ്പാദനം വർധിപ്പിക്കണം: മന്ത്രി ജെ. ചിഞ്ചുറാണി

കോട്ടയം: ഗ്രാമപ്രദേശങ്ങളിൽ മുട്ട, ഇറച്ചി ഉൽപ്പാദനം വർധിപ്പിക്കണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ ഒരു കോടി രൂപയുടെ വിവിധ നവീകരണ പ്രവർത്തനങ്ങളുടെയും ഗ്രാമസമൃദ്ധി എഗ്ഗർ നഴ്സറി പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുട്ട, ഇറച്ചി ഉൽപാദനം വർധിപ്പിച്ച് കുടുംബശ്രീയും വനിതാ കൂട്ടായ്മകളും കൂടുതൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കണം. ഇതിലൂടെ വനിതകൾക്ക് സ്വയംപര്യാപ്തത നേടാനും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറച്ചുകൊണ്ടുവരാനും കഴിയും.

ആശ്രയപദ്ധതി വഴി ഗ്രാമപഞ്ചായത്തുകളിൽ വിവിധ ക്ഷേമപെൻഷനുകൾ വാങ്ങുന്ന മുഴുവൻ സ്ത്രീകളേയും ഉൾപ്പെടുത്തി മുട്ടക്കോഴി വളർത്തൽ വിപുലമാക്കണം.
ഇതിനായി ആശ്രയ പദ്ധതി മുഖേന വിധവകളായ സ്ത്രീകൾക്ക് 10 കോഴിയും മൂന്നുകിലോ തീറ്റയും മരുന്നും നൽകുന്നു. സ്‌കൂൾ കുട്ടികൾക്ക് അഞ്ചു കോഴിയും രണ്ടുകിലോ തീറ്റയും മരുന്നും നൽകിവരുന്നു. ‘ഗ്രാമംനിറയേ കോഴി’ പദ്ധതിവഴി ഒരാൾക്ക് എട്ടുകോഴിയും അഞ്ചുകിലോ തീറ്റയും മരുന്നും നൽകുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ കോഴിഫാമുകൾ ഇനിയും വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു.  
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, റ്റി.എൻ. ഗിരീഷ്‌കുമാർ, ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ റെജി എം. ഫിലിപ്പോസ്, പി.ആർ. അനുപമ, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, വാർഡംഗം രജിത അനീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ.റ്റി. തങ്കച്ചൻ, പൗൾട്രി ഫാം അസിസ്റ്റന്റ് ഡയറക്ടർ പി.കെ. മനോജ്കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, ഡെപ്യൂട്ടി ഡയറക്ടർ (എ.എച്ച്) ഡോ.എൻ. ജയദേവൻ എന്നിവർ പ്രസംഗിച്ചു.

വൈദ്യുതി മുടക്കമില്ലാതെ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാൻ 15 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്ററിന്റെയും മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രവും സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എഗ്ഗർ നഴ്സറിയുടെ പ്രവർത്തനം മന്ത്രി നേരിൽക്കണ്ട് വിലയിരുത്തി. പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിനെ ഹരിതാഭമാക്കാൻ സജ്ജമാക്കിയ പച്ചത്തുരുത്തും മന്ത്രി സന്ദർശിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആടുവളർത്തൽ പദ്ധതിയായ കൊമേഴ്സ്യൽ ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് മുഖേന 20 ആടുകളെ വളർത്തുന്നതിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുന്ന പദ്ധതി പൂർത്തിയാക്കിയ 15 ഗുണഭോക്താക്കൾക്കുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു. ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് കുളമ്പുരോഗമുള്ള കന്നുകാലികൾക്ക് കോവിഡ്കാലത്തും വീടുവീടാന്തരം കയറിയിറങ്ങി ദ്രുതഗതിയിൽ വാക്സിൻ നൽകാൻ ജില്ലയിൽ നേതൃത്വം നൽകിയ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരായ ഡോ. ഷാജി പണിക്കശേരി, ഡോ. എം.എസ്. സുബിൻ, ഡോ. റോസ്മി കെ. ബേബി, ഡോ. ഷെജോ ജോസ്, പി.പി. ഷാനവാസ്, സൗമ്യ ജെ. നായർ, റ്റി.വി. വിനീത മോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എഗ്ഗർ നേഴ്സറി സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ സെമിനാറും നടന്നു.

Share
അഭിപ്രായം എഴുതാം