ഒരു ദിവസം പിന്നിട്ടിട്ടും എണ്ണിത്തീരാതെ കെട്ടുകണക്കിന് കറന്‍സി നോട്ട്; സമാജ്‌വാദി പാര്‍ട്ടിയുടെ പേരില്‍ പെര്‍ഫ്യൂമിറക്കിയ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്

ന്യൂഡല്‍ഹി: കാണ്‍പുരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്.

150 കോടി രൂപയാണ് ഇതുവരെ എണ്ണിത്തീര്‍ത്തതെന്നും കണ്ടെടുത്ത പണത്തില്‍ ഇനിയും ഒരുപാട് എണ്ണിത്തീര്‍ക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അലമാരകളില്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങളും ആദായ നികുതി, ജി.എസ്.ടി ഉദ്യോഗസ്ഥര്‍ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നോട്ടെണ്ണല്‍ യന്ത്രവും ചിത്രങ്ങളില്‍ കാണാം.

വ്യാഴാഴ്ച ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലേയും ഗുജറാത്തിലേയും സ്ഥാപനങ്ങളിലും സമാന രീതിയില്‍ റെയ്ഡ് തുടരുകയാണ്.

നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഉദ്യോഗസ്ഥരായിരുന്നു ആദ്യം പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്.

എന്നാല്‍ പണം കണ്ടെടുത്തതോടെ ആദായ നികുതി വകുപ്പും ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്കൊപ്പം റെയ്ഡില്‍ പങ്കാളികളാകുകയായിരുന്നു.

വീടിന് പുറമേ, ഓഫീസിലും കോള്‍ഡ് സ്റ്റോറേജിലും ഇയാളുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിലും പരിശോധന തുടരുകയാണ്. മുംബൈയിലും ഇയാള്‍ക്ക് വീടുണ്ട്. കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മുംബൈയിലാണ്.

പിയൂഷിന് 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഇതില്‍ രണ്ടെണ്ണം മധ്യേഷ്യയിലാണ്.

അതേസമയം, ഇല്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ ഇന്‍വോയിസ് ഉണ്ടാക്കി ഇടപാടുകള്‍ രേഖപ്പെടുത്തി കമ്പനി നികുതി വെട്ടിച്ചു എന്നാണ് ജി.എസ്.ടി ഉദ്യോഗസ്ഥര്‍ പറയുന്നത്. 200 ഇന്‍വോയിസുകളിലായിട്ടാണ് ഇടപാടുകള്‍ രേഖപ്പെടുത്തിയത്. 50,000ത്തോളം രൂപയാണ് ഓരോ ഇന്‍വോയിസിലും രേഖപ്പെടുത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സമാജ് വാദി പാര്‍ട്ടിയുടെ പേരില്‍ ‘സമാജ് വാദി അത്തര്‍’ കഴിഞ്ഞ നവംബറില്‍ പിയുഷ് ജെയിന്‍ പുറത്തിറക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം