എറണാകുളം: ആഘോഷമായി ബ്ലോക്കുതല ക്ഷീരസംഗമങ്ങൾ ക്ഷീരകർഷകരുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ ഉന്നയിക്കും: കെ എൻ ഉണ്ണികൃഷ്ണൻ

എറണാകുളം: വൈപ്പിൻ / കുഴുപ്പിള്ളി/ എളങ്കുന്നപ്പുഴ: ഇടപ്പള്ളി, വൈപ്പിൻ  ബ്ലോക്കുകളിലെ ക്ഷീരസംഗമങ്ങൾ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും മറ്റു സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സംഗമത്തിൽ പൊതുസമ്മേളനം, സെമിനാർ, വിവിധ വിഭാഗങ്ങളിൽ മികച്ച ക്ഷീര കർഷകരെ ആദരിക്കൽ, ഡയറി പ്രദർശനം, ഡയറി ക്വിസ് എന്നിവ നടന്നു.

ക്ഷീര കർഷകർ അഭിമുഖീകരിക്കുന്ന കാലിത്തീറ്റ വിലവർധന ഉൾപ്പെടെ പ്രതിസന്ധികൾ നിയമസഭയിൽ ഉന്നയിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇതിനായി ക്ഷീരസംഗമത്തിലെ ചർച്ചകളിൽ ഉരുത്തിരിയുന്ന ആവശ്യങ്ങൾ ക്രോഡീകരിച്ചു നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

വൈപ്പിൻ ബ്ലോക്ക് ക്ഷീരസംഗമം അയ്യമ്പിള്ളി സഹകരണ നിലയത്തിൽ പെരുമ്പിള്ളി ക്ഷീര സംഘത്തിന്റെ ആതിഥ്യത്തിലും ഇടപ്പള്ളി ബ്ലോക്ക് ക്ഷീരസംഗമം എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഹാളിൽ പുതുവൈപ്പ് ആപ്കോസിന്റെ ആതിഥ്യത്തിലുമാണ് നടന്നത്. സമ്മേളനങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  തുളസി സോമനും ട്രീസ മാനുവലും  യഥാക്രമം അധ്യക്ഷത വഹിച്ചു. ഏറ്റവും മുതിർന്ന കർഷകനെ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആദരിച്ചു. 

ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ ജി ഡോണോ മാസ്റ്റർ, അഡ്വ എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ എ സാജിത്ത്, ജോസി വൈപ്പിൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ടി ഫ്രാൻസിസ്‌, നീതു ബിനോദ്, കെ എസ് നിബിൻ, രസികല പ്രിയരാജ്, മേരി വിൻസെന്റ്, വി എസ് അക്ബർ,  മറ്റു ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ക്ഷീര കർഷകരെ ആദരിച്ചു.

ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്‌ടർ പി പി ബിന്ദുമോൻ,  ഓഫീസർമാരായ കെ എസ് ബിന്ദുജ, ജെ ഷൈമ, ക്ഷീരസംഘം പ്രസിഡന്റുമാരായ ഒ കെ കാർത്തികേയൻ, സെക്രട്ടറിമാരായ പി ഡി നന്ദന, ഷൈലി അജീഷ് എന്നിവർ പ്രസംഗിച്ചു. 

Share
അഭിപ്രായം എഴുതാം