വടകര : വടകര സഹകരണ ആശുപത്രിക്കു സമീപം യുവാവിന വധിക്കാന്‍ ശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുതിയാപ്പ് മേപ്പയില്‍ റോഡില്‍ വലിയപറമ്പത്ത് സനൂപ് (35), താഴെയങ്ങാടി കബറുമ്പുറം നടുക്കണ്ടിയില്‍ സമീര്‍(31), വടകര നാരായണ നഗരം കൈക്കണ്ടത്തില്‍ ഗരീഷ്(36) എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യപ്രതിയായ സനൂപിനെ എടക്കാട് ഇ.എം റോഡില്‍ വച്ചും മറ്റുരണ്ട് പ്രതികളെ വടകര റെയില്‍വേ സ്റ്റേഷനില്‍ വച്ചുമാണ് അറസ്റ്റ് ചെയ്‌തത്. പ്രതികള്‍ ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനെടെയാണ് അറസ്റ്റ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
2021 ഡിസംബര്‍ 15 ബുധനാഴ്‌ച കരിമ്പനപ്പാലം ആയില്യത്തില്‍ അമലിനെയാണ് വാള്‍ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്‌ച രാത്രി നിരോധിത പുകയില ഉത്‌പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമലിന്റെ നേതൃത്വത്തില്‍ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിലുളള പ്രകോപനമാണ് ആക്രമണത്തിനിടയാക്കിയത്. വടിവാള്‍ വീശുന്നതിനിടയില്‍ കയ്യില്‍ നിന്ന് തെറിടച്ചുപോയതിനാല്‍ അമല്‍ പരിക്കില്ലാതെ രക്ഷപെട്ടു. വടകര എസ്‌ഐ എം.നിജേഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.