കോട്ടയം: മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്ത കൈവരിക്കാനൊരുങ്ങി തിടനാട് പഞ്ചായത്ത്

കോട്ടയം: മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പദ്ധതിയുമായി തിടനാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി 2900 മുട്ടക്കോഴികളെയാണ് പഞ്ചായത്ത് വിതരണം ചെയ്യുന്നത്.

പതിനാലു വാർഡുകളിലെ 580 വനിതാ ഗുണഭോക്താക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3.48 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. നൂറു രൂപയാണ് ഗുണഭോക്തൃ വിഹിതം.

ആദ്യഘട്ടമായി 380 കുടുംബങ്ങൾക്ക് അഞ്ചു മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. സർക്കാർ അംഗീകൃത നഴ്‌സറികളിൽ നിന്നെത്തിച്ച 46 ദിവസം പ്രായമുള്ള കോഴികളെയാണ് നൽകുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. എല്ലാ വീട്ടിലും മുട്ടക്കോഴി വളർത്തൽ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആവശ്യമുള്ളവർക്ക് കോഴിക്കൂടുകളും നിർമിച്ചു നൽകുന്നുണ്ട്.

Share
അഭിപ്രായം എഴുതാം