കണ്ണൂർ: കൈത്തറി ആധുനികവത്കരിച്ച് അന്താരാഷ്ട്ര വിപണിയിലെത്തിക്കും: മന്ത്രി ശിവന്‍കുട്ടി

കണ്ണൂർ: കൈത്തറി മേഖലയെ ആധുനികവത്കരിച്ച് അന്താരാഷ്ട്ര വിപണിയില്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുമെന്നതിനെകുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരള കൈത്തറി ക്ഷേമനിധി ബോര്‍ഡ് എസ്എസ്എല്‍സി ഉന്നത വിജയികളായവര്‍ക്ക് നല്‍കുന്ന സ്വര്‍ണ്ണപതക്കവിതരണവും ആനുകൂല്യവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തകര്‍ച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന കൈത്തറി മേഖല സര്‍ക്കാറിന്റെ തൊഴിലാളികളോടുള്ള കരുതലിന്റെ ഭാഗമായി പുത്തന്‍ ഉണര്‍വ്വിലേക്ക് മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളോടുള്ള ക്ഷേമനടപടികളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തെ തൊഴിലാളികളുടെ ക്ഷേമം, സമാധാനപരമായ തൊഴില്‍ അന്തരീക്ഷം എന്നിവയോടൊപ്പം പുതിയ തൊഴിലവരങ്ങള്‍ കൂടി ലക്ഷ്യം വച്ചുള്ള വികസന കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളതെന്നും മന്ത്രി പറഞ്ഞു.

ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എ ഷാജു, കണ്ണൂര്‍ ജില്ലാ വീവേഴ്‌സ് സൊസൈറ്റീസ് അസോസിയേഷന്‍ സെക്രട്ടറി കെ വി സന്തോഷ് കുമാര്‍, ഭക്ഷ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബേബി കാസ്‌ട്രോ, ബോര്‍ഡ് അംഗങ്ങളായ താവം ബാലകൃഷ്ണന്‍, എ വി ബാബു, കെ മനോഹര്‍, ടി വി ബൈജു, വിവിധ സംഘടനാ പ്രതിനിധികളായ കുടുവന്‍ പത്മനാഭന്‍(സിഐടിയു), ടി ശങ്കരന്‍(ഐഎന്‍ടിയുസി), പി നാരായണന്‍(എഐടിയുസി) തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →