പാക് ഭീകരൻ അബു സറാറയെ വധിച്ച് സൈന്യം

ശ്രീനഗർ: പൂഞ്ച് മേഖലയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരരിൽ ഒരാളെ വധിച്ചു. പാകിസ്താൻ സ്വദേശി അബു സറാറ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. പൂഞ്ചിലെ ബെഹ്‌റാംഗാലയിൽ ആയിരുന്നു ഏറ്റുമുട്ടൽ.

പ്രദേശത്ത് സായുധരായ തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസും സൈന്യവും ചേർന്ന് ഇവിടം വളഞ്ഞത്. ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ആരെയും പിടികൂടിയിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

രജൗരിയിലും പൂഞ്ചിലും ഭീകരപ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ട ആളായിരുന്നു അബു സറാറ. ലഷ്‌കർ ഇ ത്വായ്ബയുമായി ബന്ധപ്പെട്ടായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് അടക്കമുളളവയാണ് ഇയാൾ നിർവ്വഹിച്ചുവന്നതെന്ന് പോലീസ് പറഞ്ഞു. പാകിസ്താനിൽ നിന്ന് ഇയാൾക്ക് വിദഗ്ധ പരിശീലനവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാൾ മേഖലയിൽ പ്രവർത്തിക്കുന്നതായി സുരക്ഷാസേനയ്‌ക്ക് വിവരം ലഭിച്ചത്.

മേഖലയിൽ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കാനുളള പാക് ഭീകരസംഘടനകളുടെ അജൻഡ അനുസരിച്ചായിരുന്നു അബു സറാറയുടെ പ്രവർത്തനം. ഇയാളെ പിടികൂടാൻ പോലീസ് പലതവണ ശ്രമിച്ചിരുന്നെങ്കിലും രക്ഷപെടുകയായിരുന്നു. പലപ്പോഴും മാസങ്ങളോളം ഉൾവനത്തിലേക്ക് മാറിയും ഇയാൾ പിടികൊടുക്കാതിരുന്നു. എന്നാൽ ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും മൊബൈൽ ഫോൺ പോലുളള വസ്തുക്കൾക്കും ഇവർക്ക് വീണ്ടും ഗ്രാമത്തിലേക്ക് എത്തേണ്ടി വന്നതാണന്ന് സേനാ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

ഇയാളുടെ മൃതദേഹത്തിൽ നിന്ന് എ.കെ 47 നും മാഗസീനും ഗ്രനേഡും ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. ഈ മേഖലയിൽ നിന്ന് ഇക്കൊല്ലം സുരക്ഷാസേന വധിക്കുന്ന എട്ടാമത്തെ ഭീകരനാണ് അബു സറാറ.

Share
അഭിപ്രായം എഴുതാം