ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍

ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍. സംഭവത്തില്‍ യുഎസും ബ്രിട്ടനും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ അനുശോചനമറിയിച്ചു.

യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചയാളാണ് ജനറല്‍ ബിപിന്‍ റാവത്ത് എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിന്‍ ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് സായുധ സേനയെ പ്രതിനിധീകരിച്ച് ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് യുകെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പ്രതികരിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസും ജനറല്‍ റാവത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഹെലികോപ്റ്റര്‍ അപകടം അത്യന്തം വേദനാജനകമാണെന്നും അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും ഭൂട്ടാന്‍ പ്രധാമന്ത്രിയും നേപ്പാള്‍ പ്രധാനമന്ത്രിയും പറഞ്ഞു. ഇന്ത്യയിലെ റഷ്യന്‍ പ്രതിനിധി നിക്കോളായ് കുദാഷേവും ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പാക് മുന്‍ മേജര്‍ ആദില്‍ രാജയും ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചിച്ചു.

Share
അഭിപ്രായം എഴുതാം