പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന കേരഗ്രാം പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 10 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ചടങ്ങില്‍ കര്‍ഷകരെ മന്ത്രി ആദരിക്കും. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ആനുകൂല്യ വിതരണ ഉദ്ഘാടനം തെങ്ങ് കയറ്റ യന്ത്രം നല്‍കി ജില്ലാ പഞ്ചായത്ത് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. പമ്പ് സെറ്റ് വിതരണം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിലും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോര്‍ജ് ബോബിയും നിര്‍വഹിക്കും. രജിസ്ട്രേഷന്‍ രാവിലെ 9.30ന് ആരംഭിക്കും.
‘സംയോജിത വിള പരിപാലനം നാളികേര കൃഷിയില്‍’ എന്ന വിഷയത്തില്‍ കായംകുളം സിപിസിആര്‍ഐ ആക്ടിങ് ഹെഡ് ഡോ.എസ്.കലാവതി, കായംകുളം സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എ.ജോസഫ് രാജ്കുമാര്‍ എന്നിവര്‍ സെമിനാര്‍ നയിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍, ശ്രീനാദേവികുഞ്ഞമ്മ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തിലും സെമിനാറുകളിലും പങ്കെടുക്കും. നാളീകേര കൃഷിയുടെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ധിപ്പിച്ച് കേര കര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയാണ് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കേരഗ്രാം പദ്ധതി നടപ്പാക്കിവരുന്നത്. പന്തളം തെക്കേക്കര പഞ്ചായത്തിലെ മുഴുവന്‍ കേരകര്‍ഷകരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെയും, കാര്‍ഷിക വികസന സമിതിയുടെയും സഹകരണത്തോടെ കേരസമിതി രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത വളപ്രയോഗം, രോഗ കീട നിയന്ത്രണം തുടങ്ങി വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേരഗ്രാമം പദ്ധതി.