പി.എ.സി. ശതാബ്ദി: കേരള സംഘത്തെ സ്പീക്കർ നയിച്ചു

പാർലമെന്റ് സെൻട്രൽ ഹാളിൽ ഡിസംബർ 4നും 5നും നടക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) യുടെ ശതാബ്ദി ആഘോഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവർ സംസാരിച്ചു. പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ആദിർ രഞ്ജൻ ചൗധരി സ്വാഗതം ആശംസിച്ചു.
കേരളത്തിൽനിന്ന് നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സണ്ണി ജോസഫ് എം.എൽ.എ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളായ സി.എച്ച്. കുഞ്ഞമ്പു, പി.എസ്. സുപാൽ, തോമസ് കെ. തോമസ് എന്നീ എം.എൽ.എ മാരും നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായരും പങ്കെടുക്കുന്നുണ്ട്.

കോമൺവെൽത്ത് രാജ്യങ്ങളിലെ പ്രിസൈഡിംഗ് ഓഫീസർമാർ, സംസ്ഥാന നിയമസഭകളിലെ പ്രിസൈഡിംഗ് ഓഫിസർമാർ, സംസ്ഥാനങ്ങളിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻമാർ, സമതി അംഗങ്ങൾ എന്നിവരാണു യോഗത്തിൽ പങ്കെടുക്കുന്നത്. ഡിസംബർ 5ന് നടക്കുന്ന സമാപന സമ്മേളനത്തിലും നിയമസഭാ സ്പീക്കറും സംഘവും പങ്കെടുക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ്, പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ആദിർ രഞ്ജൻ ചൗധരി എന്നിവർ സംസാരിക്കും.

Share
അഭിപ്രായം എഴുതാം