ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിന് ബൈക്ക് തട്ടി പരിക്കേറ്റു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് പോയ കല്ലിശ്ശേരി സ്വദേശിയായ യുവതിയ്ക്കാണ് പരിക്കേറ്റത്. 2021 ഡിസംബർ 2 വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. എം സി റോഡിൽ പറയനക്കുഴിക്ക് സമീപം എത്തിയപ്പോൾ യുവതിയുടെ സ്കൂട്ടറിൽ രണ്ട് യുവാക്കൾ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.
യുവതിയുടെ സ്കൂട്ടറിന്റെ ഹാൻഡിൽ ഭാഗത്ത് തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് മൂക്കിനു പൊട്ടലും മുഖത്ത് മുറിവുമേറ്റു. ശബ്ദം കേട്ട് തൊട്ടടുത്ത കടകളിൽ നിന്നും ആളുകൾ ഓടിയെത്തുന്നതുകണ്ട് ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടി. എന്നാൽ അല്പസമയത്തിനു ശേഷം മറ്റൊരു പൾസർ ബൈക്ക് എം സി റോഡിലൂടെ അക്രമികളുടെ അരികിൽ വന്ന് നിന്നു. ഇരുവരും ആ ബൈക്കിൽ കയറി പോയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ചെങ്ങന്നൂർ ഭാഗത്തേക്ക് അതിവേഗം ഈ ബൈക്ക് പോയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ചെങ്ങന്നൂരിൽ നിന്നും പൊലീസ് എത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ഉപേക്ഷിക്കപ്പെട്ട ബൈക്ക് പാറശാല സ്വദേശിയുടെതാണെന്ന് പൊലീസ് പറഞ്ഞു.
ഉടമയെ കുറിച്ചും അന്വേഷിച്ചു വരുന്നു. ഇതിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഒടിച്ച് മടക്കിയ നിലയിലാണ്. പൊലീസ് കേസ് എടുത്തു പ്രതികളെ പറ്റി കൂടുതൽ വിവരം അന്വേഷിച്ചു വരുന്നുതായി പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അപകടം മോഷണശ്രമമാണെന്ന സംശയത്തിലാണ് നാട്ടുകാരുള്ളത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.
ആലപ്പുഴയിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകവെ മറ്റൊരു ആരോഗ്യപ്രവർത്തകയെ സ്‌കൂട്ടർ ഇടിച്ച് അപകടപ്പെടുത്താനും ശ്രമം നടന്നു. . ഇടിച്ച സ്‌കൂട്ടർ നിർത്താതെ പോയി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചേർത്തല പള്ളിപ്പുറം കേളമംഗലം വിനയ്ഭവനിൽ വിനയ് ബാബുവിന്റെ ഭാര്യ എസ്. ശാന്തിയ്ക്കാണ് പരുക്കേറ്റത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ശാന്തിയെ സ്‌കൂട്ടർ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകയുടെ മുഖത്ത് എല്ലു പൊട്ടിയത് ഉൾപ്പെടെ ഗുരുതര പരുക്കേറ്റു.
ആരോഗ്യപ്രവർത്തകയെ സ്കൂട്ടർ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസർക്ക് നേരെയും ആക്രമണമുണ്ടായി .പട്ടണക്കാട് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നഗരസഭ 25-ാം വാർഡ് അറക്കത്തറവെളി ചന്ദ്രബാബുവിന്റെ ഭാര്യഅജിതകുമാരിക്കു നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.