പ്രണയത്തിന്റെ പേരില്‍ ഉടലെടുത്ത യു.എസ് -റഷ്യ ബഹിരാകാശ പോര് രാജ്യാന്തര കോടതിയിലേക്ക്

മോസ്‌കോ: ബഹിരാകാശയാത്രികയുടെ പ്രണയകഥയുടെ പേരില്‍ ഉടലെടുത്ത യു.എസ്. – റഷ്യ പോര് വൈകാതെ രാജ്യാന്തര കോടതിയിലെത്തും. 2018ല്‍ ഐ.എസ്.എസിലെത്തിയ റഷ്യയുടെ സോയൂസ് എംഎസ്-09 പേടകത്തില്‍ രണ്ട് മില്ലീമീറ്റര്‍ ആഴമുള്ള സുഷിരം വീണതിന്റെ പേരിലാണ് ശീതയുദ്ധത്തിനു തുടക്കം. റഷ്യയുടെ ഭാഷയില്‍ അതുണ്ടാക്കിയത് നാസയുടെ ബഹിരാകാശ യാത്രിക സെറീന ഓനന്‍ ചാന്‍സലറും. ബഹിരാകാശത്തുവച്ചു കാമുകനെ കാണാന്‍ സെറീനയ്ക്കു മോഹമുണ്ടായെന്നും മടക്കം വേഗത്തിലാക്കാന്‍ തകരാര്‍ ഉണ്ടാക്കിയെന്നുമാണു റഷ്യയുടെ വാദം. 2018 ഓഗസ്റ്റ് 30 നായിരുന്നു സംഭവം. സോയൂസ് എംഎസ്-09 പേടകത്തിലെ വായൂമര്‍ദം പെട്ടെന്നു താഴ്ന്നു. റഷ്യന്‍ ബഹിരാകാശ യാത്രികര്‍ അല്‍പസമയത്തിനകം പ്രശ്നം പരിഹരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ വീഡിയോ പരിശോധനയിലാണത്രേ സെറീനയുടെ പങ്ക് കണ്ടെത്തിയത്. സെറീനമൂലം ഐ.എസ്.എസില്‍ വായു ചോര്‍ച്ചയുണ്ടായെന്നും ബഹിരാകാശ യാത്രികരുടെ ജീവനു ഭീഷണിയുണ്ടായെന്നുമാണു റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ വാദം. നിയമനടപടിക്കായി റഷ്യന്‍ ലോ എന്‍ഫോഴ്സ്മെന്റിനെ റോസ്‌കോസ്മോസ് ചുമതലപ്പെടുത്തി.

എന്നാല്‍, റഷ്യന്‍ നിലപാട് നാസ തള്ളി. ബഹിരാകാശ യാത്രയ്ക്കു മുമ്പ് ജെഫ് ചാന്‍സലറുമായി സെറീന വിവാഹിതയായിരുന്നെന്നു നാസയുടെ പ്രതിനിധി ബില്‍ നെല്‍സണ്‍ വ്യക്തമാക്കി. ഭൂമിയില്‍ മടങ്ങിയെത്തി ഭര്‍ത്താവുമൊത്താണ് അവര്‍ ഇപ്പോള്‍ ജീവിക്കുന്നത്. ബഹിരാകാശ നിലയത്തില്‍ നാസയുടെ െലെഫ് ബോട്ട് ക്രമീകരിച്ചിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും ഭൂമിയിലേക്കു മടങ്ങാന്‍ യാത്രികര്‍ക്കാകും. ബഹിരാകാശ അവശിഷ്ടങ്ങള്‍ സോയൂസിലിടിച്ചാകും സുഷിരമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

239 അടി നീളവും 357 അടി വീതിയുമുള്ള ബഹിരാകാശ നിലയം നാസ, റോസ്‌കോസ്മോസ്, ജാക്സ(ജപ്പാന്‍), യൂറോപ്യന്‍ സ്പേസ് ഏജന്‍സി, സി.എസ്.എ(കാനഡ) എന്നിവ ചേര്‍ന്നാണു നിര്‍മിച്ചത്. ഏഴ് പേര്‍ക്കാണ് ഇവിടെ താമസിക്കാനാകുക. ഭൂമിയില്‍ ശീതയുദ്ധങ്ങളൊക്കെ നടത്തിയെങ്കിലും ആകാശത്ത് റഷ്യയും അമേരിക്കയും അടുപ്പത്തിലായിരുന്നു. ഐ.എസ്.എസിലേക്കുള്ള യാത്രികരെ റഷ്യയുടെ പേടകങ്ങളിലായിരുന്നു ഈയടുത്തകാലംവരെ എത്തിച്ചിരുന്നത്. ബഹിരാകാശത്തുണ്ടാക്കിയ ”തറവാട്ടില്‍നിന്ന്” അംഗങ്ങള്‍ പിരിഞ്ഞുപോകാതിരിക്കാന്‍ വിവിധ ഏജന്‍സികളുടെ ഇടപെടല്‍ തുടങ്ങിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം