വാരാണസി: നിശ്ചിത സമയത്തിനുള്ളില്‍ ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ വാരാണസി ഐ.ഐ.ടിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥിനിക്കു തുണയായി അലഹാബാദ് ഹൈക്കോടതിയും ജഡ്ജിയും. വിദ്യാര്‍ഥിനിക്കു പ്രവേശനം നല്‍കാന്‍ വിധിച്ചതിനൊപ്പം അടയ്ക്കേണ്ട തുകയായ 15,000 രൂപ കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് നല്‍കും. ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ 92.77 ശതമാനം മാര്‍ക്കാണു വിദ്യാര്‍ഥിനി നേടിയത്. എസ്.സി വിഭാഗത്തില്‍ 2062-ാം റാങ്കും ലഭിച്ചു. ജെ.ഇ.ഇ. അഡ്വാന്‍സ്ഡില്‍ എസ്.സി. വിഭാഗത്തില്‍ 1469ാം റാങ്കും ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വിദ്യാര്‍ഥിനിക്ക് അവസാന തീയതിക്ക് മുന്‍പ് പ്രവേശന ഫീസായ 15,000 രൂപ അടയ്ക്കാന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് ഐഐടി അഡ്മിഷന്‍ നിഷേധിക്കുകയായിരുന്നു.
ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ പ്രവേശനം നിഷേധിച്ച ദലിത് വിദ്യാര്‍ത്ഥിയ്ക്ക് തുണയായി ഹൈക്കോടതി; ഒപ്പം ജഡ്ജിയും
