അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ഉള്‍ക്കടലില്‍ ചരക്കുകപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എണ്ണക്കപ്പലുകളായ എംവീസ് ഏവിയേറ്ററും അറ്റ്ലാന്റിക് ഗ്രേസ് എന്നിവയും തമ്മിലാണ് കൂട്ടിയിടിച്ചത്. നേരിയ തോതില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായതായും റിപോര്‍ട്ടുണ്ട്. കൂട്ടിയിടിയില്‍ കപ്പലുകളിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഗുജറാത്തിലെ ദ്വാരക ജില്ലയില്‍ ഓഖയില്‍നിന്ന് 10 മൈല്‍ അകലെയാണ് രണ്ട് വിദേശ ചരക്ക് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.കോസ്റ്റ് ഗാര്‍ഡിന്റെ ഒരു സംഘവും പട്രോളിങ് കപ്പലും ഒരു ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. സംഭവസ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കി.