വിവാഹസല്‍ക്കാരത്തിലെ ഡി.ജെ. പാര്‍ട്ടി കാരണം കോഴികള്‍ ചത്തു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകന്‍

ഭുവനേശ്വര്‍: ഡി.ജെ. പാര്‍ട്ടിയിലെ ശബ്ദകോലാഹലം മൂലം 63 കോഴികള്‍ ചത്തെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി കര്‍ഷകന്‍. ഒഡീഷ ബാലസോര്‍ ജില്ലയിലെ കണ്ഡഗരാഡി ഗ്രാമവാസിയായ രഞ്ജിത് പരിദയാണു പരാതിക്കാരന്‍.

കഴിഞ്ഞ ഞായറാഴ്ചയാണു കേസിനാസ്പദമായ സംഭവം.വിവാഹപ്പാര്‍ട്ടിയോടനുബന്ധിച്ചു നടത്തിയ സംഗീതപരിപാടിയിലെ ഉച്ചത്തിലുള്ള ശബ്ദം മൂലം തന്റെ 63 കോഴികള്‍ ചത്തെന്നാണു ഫാം ഉടമ രഞ്ജിത്തിന്റെ പരാതി. ഞായറാഴ്ച രാത്രി 11 മണിയോടെയാണു വരന്റെ സംഘം വധൂഗൃഹത്തിലെത്തിയത്. ഇതോടെ വലിയ ശബ്ദത്തില്‍ പാട്ടുവയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. സംഗീതപരിപാടിയുടെ ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിവാഹവീട്ടിലുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഫാമിലെത്തിയപ്പോഴാണ് 63 കോഴികള്‍ ചത്തതായി കണ്ടതെന്നും പരാതിയില്‍ പറയുന്നു. പരാതിയെക്കുറിച്ചു സംസാരിക്കാന്‍ രണ്ടു കൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചിട്ടുണ്ടെന്ന് നിലാഗിരി പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം