ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക് ദള്‍(ആര്‍.എല്‍.ഡി) സഖ്യം

ലഖ്നൗ: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക് ദള്‍(ആര്‍.എല്‍.ഡി) സഖ്യം. സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുറപ്പിച്ചതായി ആര്‍.എല്‍.ഡി. അധ്യക്ഷന്‍ ജയന്ത് സിങ് ചൗധരി വ്യക്തമാക്കി. അഖിലേഷ് യാദവുമൊത്തുള്ള ചിത്രവും ചൗധരി ട്വീറ്റ് ചെയ്തു. ഇരു നേതാക്കളും തമ്മില്‍ ലഖ്നൗവില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ചൗധരി പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നും അവര്‍ക്കൊപ്പം ചേരുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ജയന്ത് സിങ് ചൗധരി പറഞ്ഞു.

”പടികള്‍ കയറുന്നു” എന്ന അടിക്കുറിപ്പോയൊണ് അഖിലേഷ് യാദവിനൊപ്പമുള്ള ചിത്രം ചൗധരി പങ്കുവച്ചത്. ”ശ്രീ ജയന്ത് ചൗധരിയോടൊപ്പം, മാറ്റത്തിലേക്ക്” എന്ന അടിക്കുറിപ്പോടെ ഇരുവരും ഹസ്തദാനം ചെയ്യുന്ന ചിത്രം അഖിലേഷ് യാദവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

2017 മുതല്‍ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ഇരുപാര്‍ട്ടികളും ഒന്നിച്ചാണു മത്സരിച്ചത്. നിര്‍ണായകമായ പടിഞ്ഞാറന്‍ യു.പിയിലെ നിയമസഭാ സീറ്റുകളില്‍ യാദവ, മുസ്ലീം, ജാട്ട് വോട്ടുകള്‍ ഏകീകരിക്കാനാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം ലക്ഷ്യമിടുന്നത്.

Share
അഭിപ്രായം എഴുതാം