തിരുവനന്തപുരം: നിശ്ചിത യോഗ്യതയില്ലാത്തതിനാൽ തരംതാഴ്ത്തിയ ഗവ.എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽമാരിൽ സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റംഗവും. പ്രിൻസിപ്പൽമാരുടെ പ്രതിനിധിയായി സിൻഡിക്കേറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്ത ഇടുക്കി ഗവ.കോളേജ് പ്രിൻസിപ്പൽ സി. സതീഷ്കുമാറാണ് പട്ടികയിലുളളത്. സർവകലാശാല ബോർഡ് ഒഫ് ഗവർണേഴ്സ് അംഗവുമാണ് ഇദ്ദേഹം.
സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എംഎസ് രാജശ്രീ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.ടിപി ബൈജുബായി, പിഎസ്.സി അംഗം ഡോ.എം.ആർ ബൈജു എന്നിവരെയും 2016 മുതൽ മൻകാല പ്രാബല്യത്തോടെ തരം താഴ്ത്തി. സർവകലാശാല എക്സാമിനേഷൻ സബ്കമ്മറ്റി കൺവീനൽ കൂടിയാണ് ഇടത് അദ്ധ്യാപക സംഘടനാ നേതാവായ സതീഷ്കുമാർ. അദ്ദേഹത്തിന് സിൻഡ്ക്കേറ്റംഗത്വം നഷ്ടമാവും.
വൈസ് ചാൻസലർ എംസ് രാജശ്രീ തിരുവനന്തപുരം ബാർട്ടൺഹിൽ കോളേജിൽ പ്രിൻസിപ്പലായി താൽക്കാലിക സ്ഥാനകയറ്റം നേടിയതാണ് തരം താഴ്തിയത്. പത്തുവർഷത്തെ പ്രൊഫസർ പരിചയമുളളതിനാൽ രാജശ്രീക്ക് വൈസ്ചാൻസലറായി തുടരാൻ സാധിക്കും. 2010ലെ എഐസിടിഇ യോഗ്യതയില്ലാത്തവരെയാണ് തരം താഴ്ത്തിയത്. പകരം നിശ്ചിത യോഗ്യതയുളള 43 പേർക്ക് പ്രിൻസിപ്പൽ, ജോയിന്റ് ഡയറക്ടർ തസ്തികകളിലേക്ക് മുൻകാല പ്രാബല്യത്തോടെ നിയമനം നൽകിയിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപക നിയമനം സംബന്ധിച്ച എഐസിടിഇ, യുജിസി ചട്ടങ്ങളിൽ ഇളവുനൽകാനോ മാറ്റം വരുത്താനോ സർക്കാരിന് അധികാരമില്ലാതിരുന്നിട്ടും അദ്ധ്യാപക സംഘടനകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി യോഗ്യതകളിൽ കുറവുവരുത്തി പ്രമോഷൻ നേടുകയായിരുന്നു.
എഞ്ചിനീയറിംഗ് കോളേജിലെ 961 അദ്ധ്യാപകർ അയോഗ്യരാണെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഗവ.കോളേജുകളിൽ 93, എസ്ഡഡ് കോളേജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ 69, സ്വാശ്രയ കോളേജുകളിൽ 750 . സുപ്രീംകോടതി ഉത്തരവിട്ടതിൽ 18 പേരെ മാത്രമാണ് തരംതാഴ്തിയത്. ശേഷിക്കുന്ന അയോഗ്യരെ പഴയ ലാവണങ്ങളിലേക്ക് ഉടൻ തരം താഴ്ത്തും. എഐസിടിഇ ചട്ടപ്രകാരമുളള ഗവേഷണ ബിരുദമില്ലാത്തതാണ് ഇവരുടെ പ്രധാന ന്യൂനത.