കുറുപ്പ് സിനിമ പ്രദർശനം മുടങ്ങി: എറണാകുളം കവിത തിയറ്ററിൽ സംഘർഷം

കൊച്ചി ∙ എംജി റോഡിലെ കവിത തിയറ്ററിൽ കുറുപ്പ് സിനിമ പ്രദർശനം മുടങ്ങിയതിനെ തുടർന്ന് വാക്കുതർക്കവും സംഘർഷവും. പൊലീസ് ഇടപെടലിനെ തുടർന്നാണ് ആളുകൾ ശാന്തരായത്. മുടങ്ങിയ പ്രദർശനത്തിന്റെ പണം തിരികെ നൽകുമെന്ന് തിയറ്റർ അധികൃതർ അറിയിച്ചു.പ്രൊജക്ടർ തകരാറിലായതിനെ തുടർന്നാണ് ഷോ മുടങ്ങിയതെന്ന് തിയേറ്റർ അധികൃതർ പറഞ്ഞു. നൂൺഷോ പ്രദർശനം ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ തടസ്സം നേരിട്ടു.

പിന്നീട് തകരാർ പരിഹരിച്ച് വീണ്ടും പ്രദർശനത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ നിരാശരായ പ്രേക്ഷകർ ജീവനക്കാരുമായി വാക്കുതർക്കത്തിലായി. ഇതിനിടെ പൊലീസെത്തിയാണ് പ്രേക്ഷകരെ പിന്തിരിപ്പിച്ചത്. ഓൺലൈനിൽ ടിക്കറ്റെടുത്തതിനാൽ നേരിട്ടു പണം തിരിച്ചു നൽകാനാവില്ലെന്ന് അറിയിച്ചതോടെ പ്രേക്ഷകർ ജീവനക്കാർക്കു നേരെ തിരിഞ്ഞു. നൂൺഷോ മുടങ്ങിയിട്ടും, ആപ്പിൽ ടിക്കറ്റ് ബുക്കിങ് നിർത്തിവയ്ക്കാതിരുന്നതും പ്രേക്ഷകരെ പ്രകോപിപ്പിച്ചു.

ഷോ നടക്കില്ലെന്ന് അറിഞ്ഞുകൊണ്ടു ടിക്കറ്റ് നൽകുകയും മറ്റേതെങ്കിലും ടിക്കറ്റ് എടുക്കാൻ അവസരം നഷ്ടപ്പെടുത്തിയതിലുമാണ് പ്രേക്ഷകരുടെ ദേഷ്യം. പണം മടക്കി നൽകിയാലും സർവീസ് ചാർജ് കിഴിച്ചുള്ള തുക മാത്രമേ ലഭിക്കുകയുളളു എന്നതും പ്രകോപനത്തിനു കാരണമായി. കാര്യം കൈവിട്ടു പോകുമെന്നു വന്നതോടെ പൊലീസിനെ വിളിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →