തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെരെയുള്ള നടപടിയെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും സുധാകരൻ പറഞ്ഞു. അതേസമയം ലത്തീഫിനെ അനുകൂലിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ ഇന്നും പ്രകടനങ്ങൾ നടന്നു.
എം എ ലത്തീഫിനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് നടപടിയെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് സുധാകരൻ മാധ്യമങ്ങളെ കാണവെ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ ലക്ഷ്യം വെച്ചുള്ള നീക്കം എന്ന ആരോപണവും സുധാകരൻ തള്ളി കളഞ്ഞു. തുടരന്വേഷണത്തിൽ ലത്തീഫിന് പറയാനുള്ളത് കേൾക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം കോഴിക്കോട് വനിത മാധ്യമപ്രവര്‍ത്തക അടക്കമുള്ളവര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ആക്രമണത്തേയും സുധാകരന്‍ അപലപിച്ചു. ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മനസിന് മുറിവേറ്റ സംഭവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും നേതാക്കളുടെ നടപടി വളരെ തെറ്റായി പോയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കും. നടന്നത് ഗ്രൂപ്പ് യോഗമാണോ എന്നത് അന്വേഷണത്തില്‍ വരേണ്ട കാര്യമാണ്. ഗ്രൂപ്പ് യോഗങ്ങള്‍ ഒരു കാരണവശാലും കെപിസിസി അനുവദിക്കില്ല. ഇത് എല്ലാ പ്രവര്‍ത്തകരെയും നേതാക്കളെയും അറിയിച്ചതാണ്. പാര്‍ട്ടി വേണം, നന്നാവണമെന്നുണ്ടെങ്കില്‍ ഗ്രൂപ്പ് യോഗങ്ങള്‍ അവസാനിപ്പിക്കണം. ഗ്രൂപ്പ് യോഗമല്ലെന്നാണ് ഡിസിസി അറിയിച്ചതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.