രണ്ട് പ്രളയങ്ങളിലും സർക്കാരിന് വീഴ്ച പറ്റിയെന്ന് സി എ ജി റിപ്പോർട്; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും റിപ്പോർട്

തിരുവനന്തപുരം: സംസ്ഥാനത്ത് 2014 മുതൽ 2019 വരെയുണ്ടായ പ്രളയങ്ങളെ നേരിടുന്നതിലും മുന്നൊരുക്കത്തിലും സർക്കാറിന് വീഴ്ച പറ്റിയെന്ന് സി.എ.ജി. റിപ്പോർട്ട്. റിപ്പോർട് നിയമസഭയിൽ വെച്ചു. ദേശീയ ജലനയത്തിന് അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. വലിയ സ്കെയിലുള്ള ഫ്ളഡ് ഹസാർഡ് മാപ്പ് ഇല്ല, സംസ്ഥാനം തയ്യാറാക്കിയ മാപ്പ് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യത മാനദണ്ഡങ്ങൾക്ക് അനുസൃതമല്ല.

32 റെയിൻ ഗേജുകൾ ആവശ്യമായ പെരിയാർ നദീതടത്തിൽ 6 റെയിൻ ഗേജുകൾ മാത്രമാണ് മഴ അളക്കുന്നത്, വിശ്വാസ യോഗ്യമായ മഴയുടെ തൽസമയ ഡേറ്റ നൽകുന്നതിൽ പരാജയപ്പെട്ടു, 2018ലെ പ്രളയ സമയത്ത് ഡാമുകളിലടക്കം ആശയ വിനിമയ സൗകര്യങ്ങൾ പ്രവർത്തന ക്ഷമമായിരുന്നില്ല, 2018ല്‍ ഇടമലയാറിൽ റൂൾ കർവ് ഉണ്ടായിരുന്നില്ല, റിസർവോയറുകളുടെ സംഭരണ ശേഷി സർവേ 2011നും 2019നും ഇടയിൽ നടന്നില്ല തുടങ്ങിയവയാണ് സി.എ.ജിയുടെ കണ്ടെത്തല്‍.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ചും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പൊതുകടം 32.07 ശതമാനമായി ഉയർന്നു. മുൻ വർഷത്തേക്കാൾ 1.02 ശതമാനമാണ് കടം വർദ്ധിച്ചത്. റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും ഉപയോഗിക്കുന്നത് വായ്പ്പാ തിരിച്ചടവിനാണെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക ചെലവ് ക്രമപ്പെടുത്തിയില്ല. 2011 മുതൽ 2018 വരെ ക്രമപ്പെടുത്താത്തത് 4735 കോടിയാണ്. ചെലവ് നിയന്ത്രിക്കണമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം