കാസർകോട്: 2021 നവംബർ മുതൽ 2022 മാർച്ച് വരെയുള്ള അഞ്ച് മാസങ്ങളിലായി ആകെ 1,56,670 ച.മീറ്റർ കയർ ഭൂവസ്ത്ര വിതാന പദ്ധതികൾ ജില്ലയിൽ നടപ്പാക്കും. ഇതിന്റെ വിതരണ ഓർഡർ കയർഫെഡിന് നൽകും. കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വ്യാപാരഭവനിൽനടത്തിയ അവലോകന സമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ബി.ഡി.ഒ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ബ്ലോക്ക്തല ഗ്രൂപ്പ് ചർച്ചയിലാണ് ജില്ലയിലെ പഞ്ചായത്തുകൾ ഈ തീരുമാനമെടുത്തത്.
ജില്ലയിൽ കൂടുതൽ മേഖലകളിലേക്ക് കയർഭൂവസത്ര വിതാനം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്താനായി ഫീൽഡ് തല സർവ്വേകൾ നടത്തും. അതു വഴി നൂറു ശതമാനം ലക്ഷ്യപൂർത്തീകരണം ഈ സാമ്പത്തിക വർഷത്തിൽ തന്നെ കൈവരിക്കാനുള്ള ശ്രമം ഊർജിതമാക്കുമെന്നും പഞ്ചായത്തുകൾ ഉറപ്പു നൽകി. അവലോകന സെമിനാറിൽ കൃഷി, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.