കോഹ്ലിയുടെ മകള്‍ക്കെതിരേ മാനഭംഗഭീഷണി: സോഫ്റ്റ്‌ വെയർ എന്‍ജിനീയര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ലോകകപ്പിലെ നിരാശപ്പെടുത്തിയ പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മകള്‍ക്കെതിരേ ഓണ്‍ലൈനില്‍ മാനഭംഗഭീഷണി മുഴക്കിയ സോഫ്റ്റ്‌ വെയർ എന്‍ജിനീയര്‍ അറസ്റ്റില്‍. റാംനാഗേഷ് ശ്രീനിവാസ് അകുബതീനിയെന്ന ഇരുപത്തിമൂന്നുകാരനെയാണു മുംബൈ പോലീസിന്റെ പ്രത്യേക സംഘം ഇന്നലെ ഉച്ചകഴിഞ്ഞ് അറസ്റ്റ് ചെയ്തത്.

കോഹ്ലി-അനുഷ്‌ക ദമ്പതികളുടെ ഒന്‍പതുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെതിരേ ബലാത്സംഗഭീഷണി മുഴക്കിയ സംഭവത്തില്‍ രാജ്യമൊന്നടങ്കം പ്രതിഷേധം ശക്തമായിരുന്നു. സംഭവം വിവാദമായതോടെ നാഗേഷ് ശ്രീനിവാസ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് മാറ്റി പാകിസ്താനില്‍നിന്നുള്ള ആളുടേതാക്കിയിരുന്നു. ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം നടത്തിയ പരിശോധനയില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണു പ്രതി കുടുങ്ങിയത്. സോഫ്റ്റ്‌ വെയർ എന്‍ജിനീയറായിരുന്ന ഇയാളുടെ ജോലി മാസങ്ങള്‍ക്കുമുമ്പ് നഷ്ടമായിരുന്നു. പിന്നീട് ഭക്ഷണ വിതരണ കമ്പനി ആപ്പിനായി പ്രവര്‍ത്തിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം